അജയൻ കൊത്തിയെടുത്ത 
പെരുന്തച്ചന്റെ സ്രഷ്‌ടാവ്‌

പെരുന്തച്ചൻ സിനിമയുടെ സെറ്റിൽ എം ടിയോടൊപ്പം തോപ്പിൽ അജയനും അഭിനേതാക്കളും


ആർ ബിനു ചാരുംമൂട്‌ വിഖ്യാത സിനിമ പെരുന്തച്ചന്റെ പിറവിയെ സംബന്ധിച്ച്‌ എം ടി എഴുതിയ കുറിപ്പ്‌ ഇന്നും സൂക്ഷിക്കുകയാണ് നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനും സിനിമയുടെ സംവിധായകനുമായ തോപ്പിൽ അജയന്റെ സഹധർമിണി ഡോ. സുഷമ അജയൻ. തന്റെ നാല്‌ തിരക്കഥകൾ പുസ്‌തകമാക്കിയപ്പോഴാണ്‌ പെരുന്തച്ചൻ സിനിമയുടെ പിറവിക്ക്‌ പിന്നിലെ അനുഭവം എം ടി രേഖപ്പെടുത്തിയത്‌. "അജയൻ ആദ്യം വന്നത് മാണിക്യക്കല്ലിന് ഒരു തിരക്കഥ എഴുതി കിട്ടണമെന്ന ആവശ്യവുമായാണ്‌. അടയാറിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തോപ്പിൽ ഭാസിയുടെ മകൻ പഠിക്കുന്നുണ്ടെന്ന്‌ കേട്ടിരുന്നു. നേരിട്ട് കണ്ടിരുന്നില്ല. സഹപാഠികളായ രണ്ട് യുവാക്കളും കൂടെയുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ ഇവർക്ക് കുട്ടികൾക്ക് വേണ്ടിയുള്ള  ഫാന്റസി നിർമിക്കണമെന്നായിരുന്നു. അജയൻ കുട്ടിക്കാലത്ത് ‘മാണിക്യക്കല്ല്' ഒരു ഉപ പാഠപുസ്തകമായി പഠിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് പഠനമോ മുതിർന്ന സംവിധായകരുടെ കീഴിൽ പരിശീലനമോ കിട്ടിക്കഴിഞ്ഞവർ വരുമ്പോൾ ആദ്യം പറയുക അന്നത്തെ പ്രമുഖ താരത്തിന്റെ ദിവസങ്ങൾ കിട്ടാനുള്ള സാധ്യതയെ പറ്റിയാണ്. ഇവർക്ക് നിർബന്ധമായി വേണ്ടത് ‘മാണിക്യക്കല്ല്' എന്ന കുട്ടികൾക്കുള്ള സിനിമ തന്നെയായിരുന്നു. എനിക്കും താൽപര്യം തോന്നി. പിന്നീട് അത് നടന്നില്ല. വർഷങ്ങൾക്ക് ശേഷം അജയൻ വീണ്ടും പ്രത്യക്ഷപ്പെട്ടത് മറ്റൊരു സ്വപ്നവുമായാണ്‌. പെരുന്തച്ചൻ കഥ സിനിമയാക്കിയാലോ? ആലോചിക്കാം എന്ന് ഞാൻ പറഞ്ഞു’. എം ടിയുടെ കുറിപ്പ്‌ ഇങ്ങനെയാണ്‌.  പിന്നീട്‌ എം ടിയുടെ അനുവാദത്തോടെ ‘മകുടത്തിൽ ഒരുവരി ബാക്കി’ എന്ന അജയന്റെ ആത്മകഥയിലും കുറിപ്പ്‌  ഉൾപ്പെടുത്തി. രണ്ടുതവണ എം ടിയെ നേരിൽ കണ്ട അനുഭവവും ഡോ. സുഷമ ദേശാഭിമാനിയോട്‌ പങ്കുവച്ചു. ഒന്ന് ഭർത്താവിനൊപ്പം ബന്ധുവിന്റെ വിവാഹത്തിന് പോകുന്ന വഴിയിൽ സരോവരത്തിൽ. പിന്നീട് 2019-ൽ അജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ആത്മകഥയുടെ ആമുഖം എഴുതാൻ എം ടിയെ നേരിൽകണ്ടതും.  സുഖമില്ലാത്തതിനാൽ സ്നേഹപൂർവം ആവശ്യം നിരസിച്ചു. കയ്യെഴുത്തു പ്രതി വാങ്ങിവച്ച് വിവരമറിയിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു. ഒരുമാസത്തിനു ശേഷം അപ്രതീക്ഷിതമായി ഫോണിൽ വിളിച്ച് "ഇത് വരേണ്ടതാണ്’ എന്ന് പറഞ്ഞതും നിറകണ്ണുകളോടെ സുഷമ ഓർത്തെടുത്തു. Read on deshabhimani.com

Related News