ആലപ്പുഴ പശ്ചാത്തലമാകുന്ന സിനിമ ബാക്കിയായി
ആലപ്പുഴ സംവിധായകൻ ഭരത്‌ബാലയുമായി ചേർന്ന് ആലപ്പുഴയുടെ കായൽ സൗന്ദര്യവും പാതിരാമണൽ ദ്വീപുമെല്ലാം പശ്ചാത്തലമാകുന്ന സിനിമയെന്ന മോഹം ബാക്കിയാക്കിയാണ് എം ടി വിടപറയുന്നത്. വാൾട്ട് ഡിസ്‌നി നിർമിക്കാനിരുന്ന ചിത്രത്തിൽ കമലഹാസനും അസിനും ജാപ്പനീസ് നടൻ ടഡനോബു അസാനോയുമായിരുന്നു പ്രധാന വേഷങ്ങളിൽ. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി പശ്ചാത്തല സംഗീതവും. 2008–-ൽ ചിത്രത്തിന്റെ അണിയറ ചർച്ചകൾക്കായി എം ടി രണ്ടാഴ്‌ച ആലപ്പുഴയിൽ തങ്ങി. ആലപ്പുഴ പുന്നമടയിൽ കായലോരം റിസോർട്ടിലായിരുന്നു താമസം. ആലപ്പുഴയിലെത്തിയ എം ടി ആലപ്പുഴയുടെ മത്സ്യവിഭവങ്ങളും നന്നായി ആസ്വദിച്ചാണ് മടങ്ങിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിത്രം വൈകി. എന്നാൽ വർഷങ്ങൾക്ക് ശേഷം സിനിമക്ക് വീണ്ടും ജീവൻവച്ചു. ആറ് മാസം മുമ്പ് കോഴിക്കോട് എത്തിയ ഭരത്‌ബാല എം ടിയുമായി ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് എം ടിയുടെ വിയോഗം. Read on deshabhimani.com