പുരസ്‌കാരപ്പകിട്ടിൽ എസ്‌ഡി കോളേജ്‌



  ആലപ്പുഴ കേരള സർവകലാശാലയിലെ 2022-–-23 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം ആലപ്പുഴ എസ്ഡി കോളേജിന്‌. രാജ്യത്തെ ഏറ്റവും മികച്ച  യൂണിറ്റിനുള്ള 2021-–-22- ലെ പുരസ്‌കാരനിറവിന്‌ ശേഷമാണീ നേട്ടം.  യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഫിസിക്‌സ്‌ വിഭാഗം മേധാവിയും ഐക്യുഎസി കോ–-ഓ-ർഡിനേറ്ററുമായായ ഡോ. എസ് ലക്ഷ്‌മിയാണ് മികച്ച പ്രോഗ്രാം ഓഫീസർ. തുടർച്ചയായി മൂന്നാം തവണയാണ് കേരള സർവകലാശാലയുടെ പുരസ്‌കാരം  കോളേജിനെ തേടിയെത്തുന്നത്‌. മികച്ച വളണ്ടിയർമാർക്കുള്ള പ്രോത്സാഹനസമ്മാനത്തിന്‌ മൂന്നാംവർഷ ബിരുദവിദ്യാർഥികളായ ജെ സഞ്‌ജയ് കൃഷ്‌ണൻ, ആർ സോന എന്നിവർ തെരഞ്ഞെടുത്തു. രസതന്ത്രവിഭാഗം അധ്യാപികയായ ഡോ. പി കെ രതികലയാണ് മറ്റൊരു പ്രോഗ്രാം ഓഫീസർ. പുരസ്‌കാരം ജില്ലയെ ഇന്ത്യയിലെ ആദ്യ സമ്പൂർണ പട്ടികവർഗ കരിയർ സാക്ഷര ജില്ലയായി പ്രഖ്യാപിക്കാനുള്ള ‘സഹയാനം' പദ്ധതിക്കുള്ള അംഗീകാരമായി. വളണ്ടിയർമാരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പരിപാടികൾ, സഹപാഠിയുടെ കുടുംബത്തിന് വീട് നിർമിച്ചുനൽകൽ, കാർഷിക കുടുംബത്തിന് ജീവിതോപാധിയായി പശുക്കുട്ടിയെ സമ്മാനിക്കൽ, കിടപ്പുരോഗികളുടെ പരിചരണം, ജൈവ കാർഷിക പച്ചക്കറിത്തോട്ടം, രക്തദാന ക്യാമ്പുകൾ, ലിംഗസമത്വ ബോധവൽക്കരണ കാമ്പയിനുകൾ, മെഡിക്കൽ കിറ്റ് വിതരണം, മൊബൈൽ ചലഞ്ച്, ട്രാഫിക് നിയമ ബോധവൽക്കരണ കാമ്പയിനുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിലെ മികവ്‌ നേട്ടമായി.  തെരഞ്ഞെടുത്ത ഇരുന്നൂറോളം വളണ്ടിയർമാർക്കായി കോളേജിന്റെ പ്ലാറ്റിനംജൂബിലി വർഷത്തിൽ സംഘടിപ്പിച്ച ‘അമൃതം ഗമയ' സംസ്ഥാന ക്യാമ്പ്‌, തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ, അമ്പലപ്പുഴ സ്‌നേഹവീട്ടിലെ സേവനപ്രവർത്തനങ്ങൾ, ഹൈസ്‌കൂൾ വിദ്യാർഥികളുടെ ഗണിതാഭിരുചി മികച്ചതാക്കാനുള്ള ക്ലാസുകൾ എന്നിവയും നേട്ടത്തിലേക്ക്‌ നയിച്ചു. Read on deshabhimani.com

Related News