തിരുവനന്തപുരം മെഡിക്കൽ കോളേജ് മുന്നിൽ
വണ്ടാനം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ യുവജനോത്സവത്തിൽ 95 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മുന്നിൽ. 73 പോയിന്റുമായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് രണ്ടാമതും 52 പോയിന്റുമായി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് മൂന്നാംസ്ഥാനത്തുമുണ്ട്. 60 ഇനങ്ങളിലാണ് മത്സരം. 64 കലാലയങ്ങളിലെ രണ്ടായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന യുവജനോത്സവം തിങ്കളാഴ്‌ച സമാപിക്കും. മത്സരങ്ങൾ രാത്രി വൈകിയും തുടരുകയാണ്. ഞായറാഴ്‌ച വേദി ഒന്ന് നിർഭയയിൽ (ടി ഡി എംസി ഓഡിറ്റോറിയം) അറബനമുട്ട്, ദഫ്മുട്ട്, ഒപ്പന, കോൽക്കളി, ഗാനമേള എന്നീ മത്സരങ്ങൾ അരങ്ങേറും. വേദി രണ്ട് ആർട്ടിക്കിളിൽ (എംസിഎച്ച് ഓഡിറ്റോറിയം) കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം മത്സരങ്ങൾ നടക്കും. വേദി മൂന്ന് നങ്ങേലിയിൽ (നഴ്സിങ് കോളേജ് ഓഡിറ്റോറിയം) മോണോ ആക്‌ട്, മിമിക്രി, സംഘഗാനം മത്സരങ്ങൾ നടക്കും. വേദി നാല് ഫാത്തിമ ബീവിയിൽ (ന്യൂ അനാട്ടമി വിഭാഗം) ജം മലയാളം, മോക്ക് ദി പ്രസ്സ്, മലയാളം ഡിബേറ്റ് മത്സരങ്ങൾ നടക്കും. വേദി അഞ്ച് പുന്നപ്ര വയലാറിൽ (പി ജി ഹാൾ) ഇംഗ്ലീഷ് പ്രസംഗം, ഡിബേറ്റ്, കവിതാപാരായണം മത്സരങ്ങൾ നടക്കും. വേദി ആറ് കെ ആർ ഗൗരിയമ്മയിൽ (എസ്‌പിഎം ഹാൾ) ഹിന്ദി കവിതാപാരായണം, പ്രസംഗം, ഡിബേറ്റ് എന്നീ മത്സരങ്ങളും അരങ്ങേറും. Read on deshabhimani.com