ജനുവരിയിൽ 5000 പേർക്ക് തൊഴിൽ
ആലപ്പുഴ ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിക്ക് തുടക്കമായി. യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ അവസരങ്ങൾ നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് ആരംഭിക്കുന്നത്. റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. ജനുവരിയിൽ നടത്തുന്ന തൊഴിൽമേളയിലൂടെ 5000 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള തൊഴിലവസരങ്ങൾ പരിചയപ്പെടുത്താനും ജില്ലയിലെ തൊഴിലന്വേഷകരുടെ പട്ടിക തയ്യാറാക്കാനും കഴിയുന്ന വെബ്സൈറ്റ് തയ്യാറാക്കി. ഇതിലേക്ക് ഉദ്യോഗാർഥികളെ രജിസ്റ്റർ ചെയ്യിക്കാൻ റിസോഴ്സ് പേഴ്സൺമാരെ ചുമതലപ്പെടുത്തി. ഉദ്യോഗാർഥിയുടെ പ്രൊഫൈൽ തയ്യാറാക്കാനും അവർക്ക് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലനം നൽകാനും പദ്ധതിയുണ്ട്. ഇതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിയുടെ ഭാഗമാകുമെന്നും തോമസ് ഐസക് പറഞ്ഞു. കീ റിസോഴ്സ് പേഴ്സൺ, പ്രൊഫഷണൽ റിസോഴ്സ് പേഴ്സൺ എന്നിങ്ങനെ പ്രധാന രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും റിസോഴ്സ് പേഴ്സൺമാർ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. എച്ച് സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി എസ് താഹ, ബിനു ഐസക് രാജു, അംഗങ്ങളായ പി എസ് ഷാജി, ആർ റിയാസ്, വി ഉത്തമൻ, സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ കോ–-ഓർഡിനേറ്റർ കെ സി ഷിബു എന്നിവർ സംസാരിച്ചു. Read on deshabhimani.com