വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ 
ഗവർണറും യുഡിഎഫും: പുത്തലത്ത്‌ ദിനേശൻ

സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരളത്തിന്റെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ തകർക്കാനാണ് ഗവർണറും യുഡിഎഫും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. തൃശൂരിൽ നിന്ന് ആർഎസ്എസുകാരനെ ലോക്‌സഭയിൽ എത്തിച്ച കോൺഗ്രസ് ഇടതുപക്ഷത്തിനുനേരെ ആരോപണം ഉന്നയിക്കുകയാണ്‌. സിപിഐ എം മാവേലിക്കര ഏരിയാ സമ്മേളനത്തിനുമുന്നോടിയായി നടത്തിയ സെമിനാറിലും ചാരുംമൂട്‌ ഏരിയാ സമ്മേളനത്തിന്‌ സമാപനംകുറിച്ചു നടന്ന  പൊതുസമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾ നിലനിർത്താനും വിപുലീകരിക്കാനും വിജ്ഞാന സമ്പദ് വ്യവസ്ഥ വികസിക്കണം. ഇത് യാഥാർഥ്യമായാൽ കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ മാറ്റമുണ്ടാകും. വികസനം ദ്രുതഗതിയിലാകും. അത് മൂന്നാം ഊഴത്തിലേക്ക് സർക്കാരിനെ  നയിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വലതുപക്ഷം ഇതിനെ പരാജയപ്പെടുത്താൻ ശ്രമങ്ങളാരംഭിച്ചത്.  ഭരണത്തുടർച്ച തടയാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു. വൈജ്ഞാനിക രംഗത്തുണ്ടാകുന്ന മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കും. കാർഷിക മേഖലയിലടക്കം ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കും. ഇതിനുതകുന്ന തരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളടക്കം വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  ഇതിൽ വലിയ പങ്ക് വഹിക്കാനാകും.  ഇത് തടയാനാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചടക്കാൻ ഗവർണർ  ശ്രമിക്കുന്നത്‌. യുഡിഎഫ് ഇതിനെ പിന്തുണയ്ക്കുന്നു. ഇല്ലാത്ത അധികാരം ഉപയാഗിച്ച് ഗവർണർ സർവകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്യുന്നു. കോടതി വിധി പോലും ധിക്കരിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും പൂരങ്ങളും കലക്കി മുതലെടുപ്പ് നടത്തേണ്ടത് വർഗീയ സംഘടനകളുടെ രീതിയാണ്. വോട്ടിനു വേണ്ടി മതത്തെ ഉപയോഗിക്കുന്നത് ഇത്തരം ശക്തികളാണ്. മതരാഷ്ട്രം സ്ഥാപിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് ഇരുകൂട്ടരും ഇടതുപക്ഷത്തിനെതിരെ ഒരുമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News