നൂറനാട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ പ്രവർത്തനസജ്ജമാക്കണം

സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന റാലി


സ്വന്തം ലേഖകൻ ചാരുംമൂട്‌ നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എത്രയുംവേഗം പ്രവർത്തനസജ്ജമാക്കണമെന്ന് സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ട, കൊല്ലം ജില്ലകളോട്‌ ചേർന്നുള്ള നൂറനാട് 60 കിലോമീറ്റർ ചുറ്റളവിൽ മെഡിക്കൽ കോളേജ് ഇല്ല. ഈ സാഹചര്യത്തിലാണ് നൂറനാട്ട് ലെപ്രസി സാനട്ടോറിയം വളപ്പിൽ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ സ്ഥാപിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. കെട്ടിടം നിർമാണം പൂർത്തീകരിച്ച ഇവിടെ എത്രയും വേഗം മറ്റ്‌ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം  ആരംഭിക്കണം. ഓണാട്ടുകരയുടെ കാർഷികസമൃദ്ധിക്കും മനുഷ്യജീവനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വതപരിഹാരം കാണുക,- വള്ളികുന്നംചിറ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുക, സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ അമർച്ചചെയ്യുക,- കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിൽനിന്ന്‌ വള്ളികുന്നത്തേക്ക് ഓർഡിനറി സർവീസ് അനുവദിക്കുക,- മറ്റപ്പള്ളി പൊലീസ്‌ ഫയറിങ്‌ റേഞ്ചിലെ കാട് വെട്ടിത്തെളിക്കുക,- പാലമൂട്- പവർഹൗസ് റോഡിന്റെ  ശോചനീയാവസ്ഥ പരിഹരിക്കുക,- വള്ളികുന്നം ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി ബി ബിനു എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സമ്മേളനത്തെ അഭിവാദ്യംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ പങ്കെടുത്തു. 21 അംഗ കമ്മിറ്റിയെയും  27 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. വൈകിട്ട് ചുവപ്പുസേനാംഗങ്ങളുടെ മാർച്ചും ബഹുജനറാലിയും ചാവടി ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ചു. സീതാറാം യെച്ചൂരി നഗറിൽ (താമരക്കുളം ജങ്‌ഷന്‌ കിഴക്ക്) ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ  ഉദ്ഘാടനംചെയ്‌തു.  സ്വാഗതസംഘം ചെയർപേഴ്സൺ ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി ഹരിശങ്കർ, എം എസ് അരുൺകുമാർ എംഎൽഎ,  ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ബി വിശ്വൻ, വി കെ അജിത്ത്, വി വിനോദ്  എന്നിവർ പങ്കെടുത്തു. നാടൻപാട്ടും അരങ്ങേറി. Read on deshabhimani.com

Related News