സ്‌മരണയിൽ ജ്വലിക്കും; 
നാടിന്റെ തുടിപ്പായി

എം രജീഷിന്റെ മൃതദേഹം കലവൂർ പ്രീതികുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ഓമന


ഫെബിൻ ജോഷി കലവൂർ സമരമുഖങ്ങളിൽ യുവതയുടെ ആവേശമായും ജീവകാരുണ്യ പ്രവർത്തനരംഗത്തും നിറഞ്ഞുനിന്നവരുടെ ചേതനയറ്റ ശരീരങ്ങൾക്കുമുന്നിൽ നാട്‌ തേങ്ങി. പ്രീതികുളങ്ങരയിൽ ‌ ഞായർ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച ഡിവൈഎഫ്‌ഐ നേതാക്കളായ എം രജീഷിനും (32) അനന്തുവിനും (29) ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിൽ പ്രിയപ്പെട്ടവർ വിട നൽകി.  പകൽ 1.30ഓടെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ്‌ മൃതദേഹങ്ങൾ സിപിഐ എം വളവനാട്‌ ലോക്കൽ കമ്മിറ്റി ഓഫീസായ ബെന്നി സ്‌മാരക മന്ദിരത്തിലെത്തിച്ചത്‌. കുട്ടിക്കാലം മുതൽ വായനശാല, പാലിയേറ്റീവ്‌ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ഇരുവരും സജീവമായ പാർടി ഓഫീസിലേക്ക്‌ എത്തിച്ച മൃതദേഹങ്ങൾ  കണ്‌ഠം ഇടറുന്ന മുദ്രാവാക്യം വിളികളോടെ സഹപ്രവർത്തകർ ഏറ്റുവാങ്ങി. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾക്ക്‌ മുന്നിൽ പലരും പൊട്ടിക്കരഞ്ഞു. വിവിധ ജില്ലകളിൽനിന്നായി ആയിരങ്ങൾ ഒഴുകിയെത്തിയതോടെ പൊതുദർശനം ഏറെനീണ്ടു. അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും ആയിരങ്ങളാണ്‌ അന്തിമോപചാരം അർപ്പിക്കാൻ കാത്തിരുന്നത്‌. അമ്മ ബീനയെയും സഹോദരൻ അർജുനെയും അടുത്ത ബന്ധുക്കളേയും സമാധാനിപ്പിക്കാൻ പാർടി പ്രവർത്തകർ പാടുപെട്ടു.  ആര്യാട്‌ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ രജീഷിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്‌ക്ക്‌ റോഡിനിരുവശവും കാത്തുനിന്ന്‌ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട്‌ വീട്ടിലും ആയിരങ്ങളാണ്‌ എത്തിയത്‌. മകന്റെ മൃതദേഹത്തിന്‌ മുന്നിൽ അച്ഛൻ മണിയപ്പനും അമ്മ ഓമനയും സഹോദരി റാണിയും വിങ്ങിപ്പൊട്ടിയത്‌ കണ്ടുനിന്നവർക്ക്‌ ഹൃദയഭേദകമായി. വിവിധ കേന്ദ്രങ്ങളിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, നേതാക്കളായ എ എം ആരിഫ്, ജെയിംസ് ശമുവേൽ, എം സുരേഷ്‌കുമാർ,  ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ, വി ജി മോഹനൻ, ജി കൃഷ്ണപ്രസാദ്, കെ വി മേഘനാഥൻ, എം എച്ച് റഷീദ്, എൻ പി ഷിബു, എ ഓമനക്കുട്ടൻ, എൻ ആർ ബാബുരാജ്‌, ബിച്ചു എക്‌സ്‌ മലയിൽ, പ്രഭാ മധു, കെ കെ ജയമ്മ, ആർ ജയസിംഹൻ, പി പി സംഗീത, സ്വപ്ന ഷാബു, ടി വി അജിത്കുമാർ, എസ് സന്തോഷ്‌ ലാൽ  തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. Read on deshabhimani.com

Related News