വൈദ്യുത മേഖലയിൽ കേന്ദ്രനയങ്ങൾ വില്ലനാകുന്നു: മന്ത്രി കെ കൃഷ്‌ണൻകുട്ടി
ആലപ്പുഴ വൈദ്യുതി മേഖലയിൽ സംസ്ഥാന സർക്കാർ മികച്ച ഇടപെടൽ നടത്തുമ്പോൾ കേന്ദ്ര നയങ്ങൾ വില്ലനായി മാറുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ പുരപ്പുറ സോളാർ ശേഷി 3000 മെഗാവാട്ടായി ഉയർത്തും. കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ 38–-ാമത് സംസ്ഥാനസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യഉൽപ്പാദകർക്ക് അധികവില ഈടാക്കാനുള്ള നയങ്ങളും നിയമനിർമാണങ്ങളുമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന വൈദ്യുതി വിലയിൽ സർച്ചാർജ് ഈടാക്കാൻ സ്വകാര്യഉൽപ്പാദകരെ അനുവദിക്കുന്ന ചട്ടങ്ങൾ കൊണ്ടുവരാനാണ് നീക്കം. വൈദ്യുതി റെഗുലേറ്ററി കമീഷനുപോലും ഇക്കാര്യത്തിൽ ഇടപെടാനാകാത്തവിധമാണ് ഇത്. അതേസമയം സംസ്ഥാന സർക്കാർ ഈ മേഖലയിൽ നിരവധി ഇടപെടൽ നടത്തുന്നു. വാട്ടർ അതോറിറ്റിയുടെ വൈദ്യുതികുടിശ്ശികയായ 2068.07 കോടി രൂപ 10 ഗഡുക്കളായി നൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിനായി എസ്‌ക്രോ അക്കൗണ്ട് തുറക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 10,000 മെഗാവാട്ടിനോട് അടുക്കും. ഇക്കാലയളവിൽ പുരപ്പുറ സോളാർ ശേഷി 3000 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം. പകൽസമയത്തെ അധിക സൗരോർജ വൈദ്യുതി രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്. കാസർഗോഡ് ചീമേനിയിൽ 100 മെഗാവാട്ട് സോളാർ പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. ജലാശയങ്ങളിലെ ഫ്ലോട്ടിങ് സോളാർ പദ്ധതികൾ സ്ഥാപിച്ച് 400 മെഗാവാട്ട് കണ്ടെത്താനും ലക്ഷ്യമിടും. കേരളത്തിൽ 5000 മെഗാവാട്ട് പമ്പ്‌ഡ് സ്റ്റോറേജ് സാധ്യമാണ്. ഇതിൽ 30 മെഗാവാട്ടിന്റെ മഞ്ഞപ്പാറ, 100 മെഗാവാട്ടിന്റെ മുതിരപ്പുഴ പിഎസ്‌പി പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകി. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പൂർത്തിയാക്കാനുള്ള കാലതാമസം കണക്കിലെടുത്ത് അടിയന്തര ആവശ്യത്തിന് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. 3150 മെഗാവാട്ടിന്റെ ഒമ്പത് പദ്ധതികളാണ് സർക്കാർ ലക്ഷ്യം. രാമക്കൽമേട്, അട്ടപ്പാടി, മാന്മുട്ടിമേട്, പാപ്പൻപാറ, കഞ്ചിക്കോട് എന്നിവിടങ്ങളിലായി 300 മെഗാവാട്ട് കാറ്റിൽനിന്ന് ഉൽപ്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു. അറബിക്കടലിൽ കാറ്റാടിപ്പാടങ്ങൾക്കുള്ള സാധ്യതയും പഠനവിധേയമാക്കും. Read on deshabhimani.com