ആരോഗ്യ സർവകലാശാലാ യുവജനോത്സവം: ആലപ്പുഴ മുന്നിൽ

ആരോഗ്യ സർവകലാശാല യുവജനാേത്സവത്തിൽ ദഫ് മുട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ടീം


  വണ്ടാനം      ഗവ. ടിഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ മൂന്ന്‌ ദിവസമായി നടക്കുന്ന കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ യുവജനോത്സവത്തിന് തിങ്കളാഴ്‌ച തിരശീല വീഴും. എൺപതോളം മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 135 പോയിന്റുമായി ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജാണ്‌ മുന്നിൽ. 130 പോയിന്റോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ രണ്ടാമതും 97 പോയിന്റോടെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് മൂന്നാംസ്ഥാനത്തുമാണ്‌. 64 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി രണ്ടായിരത്തിലധികം കലാകാരന്മാരാണ് മാറ്റുരയ്‌ക്കുന്നത്. ഗ്രൂപ്പ് ഇനങ്ങളിലെ മത്സരങ്ങൾ രാത്രി വൈകിയും തുടരുകയാണ്.  തിങ്കളാഴ്‌ച വേദി ഒന്ന് നിർഭയയിൽ (ടി ഡി എംസി ഓഡിറ്റോറിയം) നാടോടിനൃത്തം, സംഘനൃത്തം എന്നിവയും വേദി രണ്ട് ആർട്ടിക്കിളിൽ (എംസിഎച്ച്‌ ഓഡിറ്റോറിയം) മാർഗംകളി, പൂരക്കളി, മൈം മത്സരങ്ങളും നടക്കും. വേദി മൂന്ന്‌ നങ്ങേലിയിൽ (നഴ്സിങ് കോളേജ് ഓഡിറ്റോറിയം) കഥാപ്രസംഗവും നടക്കും.  രാത്രി ഏഴിന് പ്രധാനവേദിയായ ടിഡി എംസി ഓഡിറ്റോറിയത്തിൽ സമാപനസമ്മേളനം നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കോളേജുകൾക്കും കൂടുതൽ പോയിന്റ്‌ നേടിയ വിദ്യാർഥികൾക്കും കലാകിരീടങ്ങൾ സമ്മാനിക്കും. Read on deshabhimani.com

Related News