ആതുരാലയം ഒരുങ്ങുന്നു ആധുനികമായി

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിർമാണപുരോഗതി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ 
ഉദ്യോഗസ്ഥസംഘം വിലയിരുത്തുന്നു


  ചെങ്ങന്നൂര്‍ ചെങ്ങന്നൂർ ജില്ലാ ആശുപത്രി പുതിയ കെട്ടിടസമുച്ചയം നിര്‍മാണം അവസാനഘട്ടത്തില്‍. 2025 മാര്‍ച്ചിൽ ഉദ്ഘാടനംചെയ്യും. അത്യാധുനിക സൗകര്യങ്ങളോടെയാണ്‌ പുതിയ കെട്ടിടസമുച്ചയം നിലവിൽവരിക.   1943ല്‍ പ്രവര്‍ത്തനം ആരംഭിച്ച പഴയ ആശുപത്രിക്കെട്ടിടം ജീർണാവസ്ഥയിലായതോടെ മന്ത്രി സജി ചെറിയാന്‍ ഇടപെട്ടാണ്‌ പുതിയ കെട്ടിടസമുച്ചയം നിര്‍മാണം ആരംഭിച്ചത്. രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴ്‌ നിലയിലായി 1,25,00 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് കെട്ടിടസമുച്ചയം ഉയരുന്നത്‌. 300 കിടക്കയുണ്ടാകും. സൗരോർജ സംവിധാനം ഏർപ്പെടുത്തും. ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകൾ സജ്ജമാക്കും. ജില്ലാ ആശുപത്രിയെയും മാതൃ–-ശിശു ആശുപത്രിയെയും  ബന്ധിപ്പിക്കുന്ന റാമ്പിന് മേൽക്കൂര നിര്‍മിക്കും.  കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും നിർമാണം പൂര്‍ത്തീകരിച്ചു. ഒന്നും രണ്ടും മൂന്നും നിലകളുടെ പ്ലാസ്‌റ്ററിങ്‌ പൂർത്തിയാക്കി. തറയോട്‌ പാകൽ, അഗ്‌നിരക്ഷാസംവിധാനം ഏർപ്പെടുത്തൽ, ലിഫ്റ്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. 
 നിര്‍വഹണ ഏജന്‍സിയായ വാസ്‌കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തുന്നത്‌. നിർമാണപുരോഗതി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വിലയിരുത്തി. പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിലെ വലിയ ജില്ലാ ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ആശുപത്രി മാറും.   Read on deshabhimani.com

Related News