ചൂട്‌ കൂടുന്നു. പാടത്തെ പുളിരസവും



ആലപ്പുഴ : ഉയരുന്ന ചൂട്‌ കുട്ടനാടൻ പാടശേഖരങ്ങളിൽ പുളിരസം കൂട്ടുന്നു. ശരാശരി 5.5നും 6.5നും ഇടയിൽ നിൽക്കേണ്ട മണ്ണിന്റെ പിഎച്ച്‌ മൂല്യം പല പാടരേഖരങ്ങളിലും 2.5നും മൂന്നിനും ഇടയിലെത്തിയതായാണ്‌ മങ്കൊമ്പ്‌ കീടനിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്‌. പിഎച്ച്‌ മൂല്യം കുറയുന്നത്‌  പുളിരസം കൂടുന്നതിന്റെ സൂചകമാണ്‌. അപ്പർകുട്ടനാടൻ മേഖലയിലാണ്‌ പുളിരസം കൂടുന്നത്‌. വെള്ളം കയറിയിറങ്ങൽ ക‌ൃത്യമായി നടക്കുന്നതിനാൽ സമനിരപ്പിലുള്ള കായൽനിലങ്ങളെ കാര്യമായി ബാധിക്കുന്നില്ല. ഇവിടങ്ങളിലെ ഉയർന്ന പാടശേഖരങ്ങളിൽ പുളിരസം കൂടുന്നുണ്ട്‌.  അപ്പർകുട്ടനാട്ടിലെ ഏതാനും പാടശേഖരങ്ങൾ ഓരുജല ഭീഷണിയിലാണ്‌. കായലിലൂടെ ഉപ്പുവെള്ളം കയറുമ്പോൾ പുളിയിളക്കം വേഗത്തിലാകുന്നത്‌ ക‌ൃഷിയെ ബാധിക്കും. നീലംപേരൂർ, വെളിയനാട്‌, തലവടി, ചമ്പക്കുളം, അപ്പർകുട്ടനാട്ടിലെ ചെറുതന, വീയപുരം എന്നിവിടങ്ങളിലെ പാടങ്ങളിലും പുറക്കാട്‌, തകഴി, അമ്പലപ്പുഴ, കരുവാറ്റ എന്നിവിടങ്ങളിലെ കരിനിലങ്ങളിലുമാണ്‌ പുളിരസം കൂടുതലായി കാണുന്നതെന്ന്‌ മങ്കൊമ്പ്‌ കീടനിരീക്ഷണ കേന്ദ്രം അസി. ഡയറക്‌ടർ പി സ്‌മിത പറഞ്ഞു. വെള്ളപ്പൊക്കവും മഴയും കാരണം രണ്ടാംക‌ൃഷി വിളവെടുപ്പ്‌ വൈകിയിരുന്നു. പുഞ്ചക‌ൃഷിയിറക്കാൻ വൈകിയ പാടങ്ങളിൽ പുളിരസത്തെത്തുടർന്ന്‌ നെൽച്ചെടികളിൽ ഇലകരിച്ചിലുണ്ട്‌. 15 മുതൽ 95 ദിവസംവരെ പ്രായമായ നെൽച്ചെടികളാണുള്ളത്‌. ഇതിൽ 50ൽ താഴെ പ്രായമുള്ള ചെടികളെയാണ്‌ കൂടുതൽ ബാധിക്കുക. 35 മുതൽ 36 ഡിഗ്രിവരെയാണ്‌ ശരാശരി താപനില. 30 ഡിഗ്രിയിൽ കൂടിയാൽ മണ്ണ്‌ ചൂടാകുന്നുണ്ട്‌. മണ്ണ്‌ സാമ്പിൾ പരിശോധിച്ചപ്പോൾ  അലുമിനിയം, ഇരുമ്പ്‌ അംശം കൂടുതലായി കണ്ടു. അമ്ലതജന്യ വസ്‌തുക്കൾ ഉയർന്നുവരുമ്പോൾ വളം നൽകിയാലും അത്‌ വലിച്ചെടുക്കാനുള്ള കഴിവ്‌ മണ്ണിന്‌ നഷ്‌ടമാകും. അതേസമയം വിഷാംശം വലിച്ചെടുക്കും. ഇതാണ്‌ ഇലകരിച്ചിൽ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾക്ക്‌ കാരണം. നെല്ല്‌ കതിരിടുന്ന സമയത്താണ്‌ ഈ മാറ്റം.  കഴിഞ്ഞദിവസം മാന്നാറിലെ ചില പാടങ്ങളിൽ നടന്ന പരിശോധനയിൽ പിഎച്ച്‌ മൂല്യം ആറിനടുത്ത്‌ കണ്ടത്‌ പ്രതീക്ഷയാണ്‌. പഴയപോലെ ഉയർന്ന പാടങ്ങളിൽ കുമ്മായം ചേർത്ത്‌ വെള്ളം കയറ്റിയിറക്കൽ  അപ്രായോഗികമാകുകയാണ്‌. ജലനിരപ്പ്‌ താഴുന്നതാണ്‌ ഇതിന്‌ കാരണമെന്നും സ്‌മിത പറഞ്ഞു. നടപടി സ്വീകരിച്ചു പുളിരസം കുറയ്‌ക്കാൻ കുമ്മായം ലഭ്യമാക്കുന്നതിനും മറ്റുസഹായം നൽകുന്നതിനും നടപടി സ്വീകരിക്കുന്നതായി പ്രിൻസിപ്പൽ ക‌ൃഷി ഓഫീസർ ലത മേരി ജോർജ്‌ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം കുട്ടനാടൻ ക‌ൃഷിയെ പ്രതിസന്ധിയിലാക്കി. പുഞ്ചക‌ൃഷിയിറക്കലും ഓരുമുട്ട്‌ ഇടലും വൈകി. അപ്പർകുട്ടനാട്ടിൽ ഓരുജല ഭീഷണിയുള്ളിടത്ത്‌   ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ക‌ൃഷി ഓഫീസർ പറഞ്ഞു.  ബണ്ട്‌ ദിവസങ്ങൾക്കകം     അപ്പർകുട്ടനാട്ടിൽ വെള്ളംകയറിയ പുളിക്കീഴ്‌, ത‌ൃക്കുന്നപ്പുഴ പാടശേഖരങ്ങളിൽ ഉപ്പിന്റെ അംശം ശരാശരിയായ രണ്ടിൽനിന്ന്‌ 20 വരെ  ഉയർന്നു. ബണ്ട്‌ നിർമാണം പുരോഗമിക്കുന്നതിനാലാകാം ഇത്‌ 17ലേക്ക്‌ താഴ്‌ന്നിട്ടുണ്ട്‌. ടിഎസ്‌ കനാലിലൂടെ വന്ന്‌ അച്ചൻകോവിലാറിലും ദേശീയ ജലപാതയുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന തോടുകളിലും ഉപ്പുരസം കൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്‌ നൽകിയിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കാറുള്ള ഓരുബണ്ട്‌ നിർമാണം കരാറുകാരെ കിട്ടാത്തതിനാലാണ്‌ വൈകിയത്‌. പുളിക്കീഴ്‌ ഓരുജല ഭീഷണി നേരിടാനുള്ള പ്രധാന ബണ്ട്‌ നിർമാണം വെള്ളിയാഴ്‌ച പൂർത്തിയാകുമെന്ന്‌ കായംകുളം മേജർ ഇറിഗേഷൻ   അസിസ്‌റ്റന്റ്‌ എൻജിനിയർ സി ജ്യോതി അറിയിച്ചു. ഹരിപ്പാട് മൈനർ സെക്‌ഷന്‌ കീഴിലെ 11ൽ എട്ട്‌ ബണ്ടും പൂർത്തിയായി. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ പൂർത്തിയാകും –- എഇ  പി എം ജിജിമോൻ പറഞ്ഞു. മാവേലിക്കര മേജർ സെക്‌ഷന്‌ കീഴിലുള്ള കാവുമ്പാട്ടെ പ്രധാന ബണ്ട്‌ പൂർത്തിയായതായി എഇ ഷീജ അറിയിച്ചു. മണ്ണിലെ ചൂടുകൂട്ടും സൂര്യൻ ഭൂമധ്യരേഖക്കു നേർമുകളിൽ എത്തുന്നതിനാല്‍ ചൂട്   തടസമില്ലാതെ ഭൂമിയിൽ പതിക്കും. വടക്ക് കിഴക്കൻ കാറ്റ് കിഴക്ക് പശ്ചിമഘട്ടത്തിൽ തട്ടിയാൽ കുത്തനെ താഴേക്കാണ് വരുന്നതെന്ന്‌ കുസാറ്റ് കാലാവസ്ഥ പഠനവിഭാഗം ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ് പറഞ്ഞു.  ഒപ്പം ചൂടുവായു ഭൂമിയിലേക്ക് അമർത്തും. ഇതെല്ലാം മണ്ണിലെ ചൂടുകൂട്ടും. മണ്ണില്‍ ജലാംശം കുറയുമ്പോൾ പോസിറ്റീവ് അയോൺ കുറയും. നെഗറ്റീവ് അയോണുകള്‍ കൂടുമ്പോൾ മണ്ണിലെ ആകിരണശേഷിയും സൂക്ഷ്‌മജീവികളും കുറയും. ഇത് മണ്ണിന്റെ വളം വലിച്ചെടുക്കൽ ശേഷിയും കുറക്കുമെന്നും അദേഹം പറഞ്ഞു. Read on deshabhimani.com

Related News