ജീവനക്കാരുടെ കാറ്റഗറി തിരിച്ച് പഠനറിപ്പോർട്ട് നൽകും
അമ്പലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുന്നപ്രകേപ്പ് ജീവനക്കാർ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേപ്പ് ഡയറക്ടർ ഡോ. ആർ ശശിധരൻ, കേപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബേബി ജോസഫ്, എന്നിവരുമായി മന്ത്രിയുടെ ചേമ്പറിലും കേപ്പ് ഡയറക്‌ടറുടെ ഓഫീസിലും നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കേപ്പ് കോൺട്രാക്‌ട് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചർച്ചയ്‌ക്ക് നേതൃത്വം നൽകി. ജീവനക്കാരുടെ 2017-ലെ മിനിമം വേതന ഓർഡർ, ജീവനക്കാരുടെ കാറ്റഗറി തിരിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രിക്ക് കേപ്പ് ഡയറക്‌ടർ നൽകണമെന്ന് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാമെന്ന് ധാരണയായി. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് 12 ന് മുമ്പ് സമർപ്പിക്കണമെന്നും തീരുമാനിച്ചു. ഇതോടെയാണ് കേപ്പ് കോൺട്രാക്‌ട് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 12 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ ധാരണയായത്. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം രഘു, സെക്രട്ടറി കെ യു മധു, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമരത്തിന്റെ സമാപനം സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com