ചികിത്സ ഉഗ്രനാകും

വഴിച്ചേരി വാർഡിൽ ആരംഭിച്ച നഗര ജനകീയ പ്രാഥമിക ആരോഗ്യ കേന്ദ്രം പി പി ചിത്തരഞ്ജൻ എംഎൽഎ 
ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ  നഗരസഭ വഴിച്ചേരി വാർഡിൽ സ്വന്തം കെട്ടിടത്തിൽ നഗര ജനകീയ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രത്തിൽ പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനും മികച്ച സൗകര്യങ്ങളുണ്ട്‌. ഹെഡ് പോസ്റ്റോഫീസിന്‌ സമീപം തുറന്ന കേന്ദ്രം പി പി ചിത്തരഞ്ജൻ എംഎൽഎ നാടിന്‌ സമർപ്പിച്ചു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ഇതോടെ നഗരത്തിലെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി.    ജനറൽ ഒപി, ലബോറട്ടറി, ജീവിതശൈലീ രോഗനിർണയം, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കൽ സേവനങ്ങൾ ലഭ്യമാകും. രോഗവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലൈസ്ഡ് ഡോക്ടറുമായുള്ള ടെലികമ്യൂണിക്കേഷൻ സൗകര്യം, ഗുരുതര രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിച്ച് തുടർചികിത്സാ നിർദ്ദേശവും റഫറൽ സേവനവും നൽകൽ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഗർഭകാല പരിചരണത്തിന്‌ സർക്കാർ ആവിഷ്കരിച്ച വിവിധ സേവനങ്ങളും ലഭ്യമാക്കും. പകൽ ഒന്നുമുതൽ ഏഴുവരെ ഒ പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, സപ്പോർട്ടിങ്‌ സ്റ്റാഫ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ എന്നിവരാണുള്ളത്‌. 12 ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളാണ് നഗരസഭ വിവിധ വാർഡുകളിലായി ആരംഭിക്കുന്നത്. കിടങ്ങാംപറമ്പ്, ഇരവുകാട്, വലിയമരം, പവർഹൗസ് എന്നിവിടങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുണ്ട്‌.  കൗൺസിലർ ബിന്ദു തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ആർ പ്രേം, നസീർ പുന്നയ്‌ക്കൽ, എം ജി സതീദേവി, സെക്രട്ടറി എ എം മുംതാസ്, ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, എൻഎച്ച്എം പ്രോഗ്രാം മാനേജർ കോശി സി പണിക്കർ, ഡോ. ദീപ്തി, ഡോ. മുഹമ്മദ് യാസീൻ, പ്രവീണ പവിത്രൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News