സ്വകാര്യ ബസ് മതിലിലിടിച്ചു; 
25 പേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട ബസ്


  ചാരുംമൂട്‌ കെ പി റോഡിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വാനിലിടിച്ചശേഷം റോഡരികിലെ വൈദ്യുതി തൂണിലും മതിലിലും ഇടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരിക്ക്. അടൂരിൽനിന്ന്‌ കായംകുളത്തേക്ക്‌ വന്ന ഹരിശ്രീ ബസാണ് പഴകുളം ഭവദാസ് മുക്കിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാൽനടയാത്രികനായ പഴകുളം മേട്ടുംപുറം മലയുടെ കിഴക്കേതിൽ മനോജിന്‌ (40)- ഗുരുതര പരിക്കേറ്റു. ഇടതുകൈക്ക്‌ പരിക്കേറ്റ മനോജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്കേറ്റ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ഷിജുവിനെയും അടൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ടക്‌ടർ പള്ളിക്കൽ ശ്രീഭവനിൽ ശ്രീകണ്ഠനെയും (35) 19 യാത്രികരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരെ അടൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ സീറ്റിന്റെ കമ്പിയിലും ബസിൽ പിടിച്ചു നിൽക്കാൻ ഉപയോഗിക്കുന്ന കമ്പിയിലുമിടിച്ചാണ് കൂടുതൽ പേർക്കും പരിക്ക്. ബുധൻ വൈകിട്ട് 4.45-നാണ് അപകടം. പ്ലേറ്റ് ഒടിഞ്ഞ് നിയന്ത്രണംവിട്ട ബസ് അടൂർ ഭാഗത്തേക്ക് വരിയായിരുന്ന വാനിൽ തട്ടിയശേഷം റോഡരികിലുള്ള വൈദ്യൂതിത്തൂണിലിടിച്ച് സമീപത്തെ മതിലിലേക്ക് ചരിയുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. ഈ സമയം റോഡിലുണ്ടായിരുന്ന മനോജിനെ ഇടിച്ചശേഷമാണ് വൈദ്യുതിത്തൂണിലിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പൊലീസും സ്ഥലത്തെത്തി. വിദ്യാർഥികളും സ്‌കൂൾ, കോളേജ് ജീവനക്കാരുമായിരുന്നു ബസിൽ ഭൂരിഭാഗവും. Read on deshabhimani.com

Related News