ഐഡിഎസ്എഫ്എഫ്‌കെ; ജൂറി വിഭാഗത്തില്‍ ആറു ചിത്രങ്ങള്‍

കൃഷാന്ദിൻ്റെ ഭഗവതിക്കാവിലെ പാപികൾ എന്ന ചിത്രത്തിൽ നിന്ന്


 തിരുവനന്തപുരം>പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കഥേതരവിഭാഗം ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മയുടെ ഫൈനല്‍ സൊല്യൂഷന്‍, കഥാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഉര്‍മി ജുവേക്കറിന്റെ ദ ഷില്ലോങ് ചേംബര്‍ കൊയര്‍ ആന്‍ഡ് ദ ലിറ്റില്‍ ഹോം സ്‌കൂള്‍, മറ്റ് ജൂറി അംഗങ്ങളായ പങ്കജ് ഋഷി കുമാറിന്റെ കുമാര്‍ ടാക്കീസ്, പുഷ്‌പേന്ദ്ര സിംഗിന്റെ പേള്‍ ഓഫ് ദ ഡെസര്‍ട്ട്, കൃഷാന്ദിന്റെ ഭവഗതിക്കാവിലെ പാപികള്‍, ജെബീന്‍ മര്‍ച്ചന്റ് എഡിറ്റിംഗ് നിര്‍വഹിച്ച അണ്‍ലിമിറ്റഡ് ഗേള്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപമാണ് രാകേഷ് ശര്‍മ്മയുടെ ഫൈനല്‍ സൊല്യൂഷന്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലം. കലാപത്തെയും അതിന്റെ അനന്തരഫലങ്ങളെയും രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും വേരോട്ടവും പരിശോധിക്കുകയാണ് ഈ ചിത്രത്തില്‍ രാകേഷ് ശര്‍മ. 2004-ല്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി പ്രതിഷേധങ്ങളെല്ലാം തരണം ചെയ്ത് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഉര്‍മി ജുവേകറിന്റെ ഹിന്ദി ഡോക്യുമെന്ററി ദി ഷില്ലോങ് ചേംബര്‍ കൊയര്‍ ആന്‍ഡ് ദി ലിറ്റില്‍ ഹോം സ്‌കൂള്‍ പ്രശസ്ത കച്ചേരി പിയാനിസ്റ്റ് നീല്‍ നോങ്കിന്റി ഷില്ലോങ്ങില്‍ ആരംഭിച്ച ഒരു ചേംബര്‍ ഗായകസംഘത്തെക്കുറിച്ചാണ്. താര്‍ മരുഭുമിയിലെ ഗ്രാമത്തില്‍ നിന്ന് വിദേശത്തേക്കുപോയി തങ്ങളുടെ പാരമ്പര്യവും സംഗീതവും പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് പുഷ്‌പേന്ദ്ര സിങിന്റെ പേള്‍ ഓഫ് ദി ഡെസര്‍ട്ട് എന്ന ഡോക്യുമെന്ററി. സ്ത്രീപക്ഷവാദത്തെക്കുറിച്ചുള്ള ഒരു ദൃശ്യപ്രസ്താവനയാണ് ഫിക്ഷന്‍ ഡോക്യുമെന്ററി സങ്കേതങ്ങള്‍ സമന്വയിപ്പിച്ച അണ്‍ലിമിറ്റഡ് ഗേള്‍സ്. മലയാളി സംവിധായകന്‍ കൃഷാന്ദിന്റെ  ഹ്രസ്വചിത്രം ഭഗവതിക്കാവിലെ പാപികള്‍ (സിന്നേഴ്‌സ് അറ്റ് ദ ഗോഡസ് അബോഡ്) ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒരു പൊലീസുകാരനും നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമിടയില്‍ ബന്ധനസ്ഥയായ ഒരു ദേവത കടന്നുവരുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. മതത്തെയും ദൈവങ്ങളെയും സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെയും കുറിച്ചുള്ള ഒരു ഹ്രസ്വ സംഭാഷണം കൂടിയാണ് ഈ ചിത്രം.   Read on deshabhimani.com

Related News