ട്രോളിങ് നിരോധനം അവസാനിച്ചു ; ബോട്ടുകൾ കടലിലേക്ക്



മട്ടാഞ്ചേരി സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചു. ബോട്ടുകൾ മീൻപിടിത്തത്തിനായി കടലിലേക്ക് പോയിത്തുടങ്ങി. ബുധൻ അർധരാത്രിയോടെ കടലിൽ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കി. ഇതിനിടെ മോശം കാലാവസ്ഥ മേഖലയിൽ ആശങ്ക പരത്തിയിട്ടുണ്ട്. നാലാം തീയതിവരെ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്‌. എങ്കിലും മിക്കവാറും ബോട്ടുകൾ കടലിൽ ഇറങ്ങി. കൊച്ചി ഫിഷറീസ് ഹാർബറിൽനിന്നുള്ള ഭൂരിഭാഗം പേഴ്സിൻ നെറ്റ് ബോട്ടുകളും കടലിൽ പോയി. ഫിഷിങ് നെറ്റ് ബോട്ടുകളും പോയതായാണ് വിവരം. ആഴക്കടൽ മീൻപിടിത്തം നടത്തുന്ന ഗിൽനെറ്റ് ബോട്ടുകളിൽ ഭൂരിഭാഗവും പുറപ്പെട്ടിട്ടില്ല. പുത്തൻ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ ഹാർബറുകളിൽനിന്ന് മീൻപിടിക്കാൻ ഇറങ്ങിയിട്ടുള്ളത്. ജില്ലയിൽ 700 ട്രോളിങ് ബോട്ടുകൾ, 75 പെർസിൻ, 300 ചൂണ്ട ബോട്ടുകളാണുള്ളത്. അടച്ചിട്ട ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും സജീവമായി. ബോട്ടുകളിൽ ഐസ്‌ കയറ്റുന്ന ജോലികൾ ബുധനാഴ്‌ചയും തുടർന്നു. കുളച്ചൽ, തൂത്തൂർ, നാഗപട്ടണം അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് തൊഴിലാളികൾ ഹാർബറുകളിൽ എത്തി. ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കിളിമീൻ, കരിക്കാടി, കടൽവരാൽ എന്നിവ കൂടുതൽ ലഭിക്കുമെന്നാണ് കരുതുന്നത്. ബോട്ട് അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികൾ തീർത്തത്. നിരോധനത്തിനുശേഷം ലഭിക്കുന്ന ചാകരയിലാണ് പ്രതീക്ഷ. കാലാവസ്ഥ കനിഞ്ഞാൽ മീൻലഭ്യത വർധിക്കുമെന്നാണ്‌ ബോട്ടുടമകൾ കരുതുന്നത്. Read on deshabhimani.com

Related News