അരവിന്ദും മ്ലാവും 
അപൂർവ ചങ്ങാത്തക്കഥയും



പെരുമ്പാവൂർ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം തുടർക്കഥയാകുന്ന കാലത്ത്‌ അപൂർവ ചങ്ങാത്തത്തിലൂടെ താരമാകുകയാണ്‌ പത്തൊമ്പതുകാരനായ അരവിന്ദ്‌. തന്റെ റബർതോട്ടത്തിൽ ദിവസവും വിരുന്നെത്തുന്ന മ്ലാവുമായുള്ള അപൂർവ സൗഹൃദകഥയാണ്‌ വേങ്ങൂർ കൊമ്പനാട് നിരവത്ത് അരവിന്ദിന്‌ പറയാനുള്ളത്‌. പഞ്ചായത്തിലെ 4, 5, 14 വാർഡുകൾ സംഗമിക്കുന്ന ജങ്ഷനിലെ നാലേക്കർ റബർതോട്ടത്തിൽ ദിവസവും എത്തുന്ന മ്ലാവിന് മനുഷ്യരെ പേടിയില്ല. അരവിന്ദും ഇരട്ടസഹോദരനായ അനിരുദ്ധും (19) വീട്ടിൽ വളർത്തുന്ന ആടുകളെയും പോത്തുകളെയും മേയാൻ വിടുന്നത് ഇവിടെയാണ്‌. സമീപം 200 ഏക്കറോളം മറ്റൊരു റബർതോട്ടവുമുണ്ട്. ദിവസവും രാവിലെ ആടുകളുമായി റബർതോട്ടത്തിലെത്തുമ്പോൾ മ്ലാവും അവിടെയെത്തും. വിളിച്ചാൽ അരികിലെത്തും. രാത്രിയായാൽ ഉൾക്കാട്ടിലേക്ക് മടങ്ങും. അരവിന്ദ് ആടുകളെയുംകൊണ്ട് തോട്ടത്തിലേക്ക് പോകുമ്പോൾ കൂടെക്കൂടാറുള്ള വളർത്തുനായ്ക്കളെ മ്ലാവിന് കലിപ്പാണ്. നായ്ക്കളെ കണ്ടാൽ മുൻകാലുകൾ മണ്ണിലടിച്ച്‌ വിരട്ടി ഓടിക്കും. ആടിനെയും അരവിന്ദിനെയും മ്ലാവിന് ഭയമില്ല. പരിസരങ്ങളിലെ വീടുകളിലേക്കും ഭയമില്ലാതെ കയറിച്ചെല്ലും. ഉപദ്രവമില്ലാത്തതിനാൽ ആരും വിരട്ടി ഓടിക്കാറില്ല. റബർതോട്ടത്തിൽ ധാരാളം തീറ്റ ലഭിക്കുന്നതിനാൽ മ്ലാവ് ആരുടെയും കൃഷി നശിപ്പിക്കാറില്ല. ഇടയ്ക്ക് ഒരുമാസത്തോളം വരാതിരിക്കും. വനത്തിനുള്ളിൽ മറ്റേതെങ്കിലും ഭാഗത്തേക്ക് തീറ്റതേടി പോകുമ്പോഴാണ് കാണാതാകുന്നത്. ജനിച്ച് കാലുറയ്ക്കാത്ത പ്രായംമുതൽ മ്ലാവ് റബർതോട്ടത്തിലുണ്ട്. മാൻകുഞ്ഞുങ്ങളും ഇപ്പോൾ വളർത്തുമൃഗങ്ങളോടൊപ്പംകൂടി തുടങ്ങിയിട്ടുണ്ട്. കാട്ടാനകളും കാട്ടുപന്നികളുമെല്ലാം കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനങ്ങളുടെ സ്നേഹം തേടിയെത്തുന്ന മൃഗങ്ങളും നാട്ടിൽ വിഹരിക്കുന്നത്. പഞ്ചായത്തിലെ അഞ്ചാംവാർഡ് അംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ ശ്രീജയുടെയും ഷിജോയുടെയും മക്കളാണ് അരവിന്ദും അനിരുദ്ധും. ഇരുവരും ജർമൻ ഭാഷ പഠിക്കുകയാണ്. Read on deshabhimani.com

Related News