കുടുംബശ്രീയുടെ പൂക്കൃഷി :
 വിളവെടുപ്പിന്‌ തുടക്കം

കരുമാല്ലൂരിൽ വിളവെടുപ്പിന് പാകമായ ബന്തിപ്പൂക്കൾ


കൊച്ചി കുടുംബശ്രീയുടെ ഓണപ്പൂപ്പാടങ്ങളിൽ വിളവെടുപ്പിന്‌ തുടക്കം. കരുമാല്ലൂർ സിഡിഎസിലെ റോസ്‌ ജെഎൽജിയുടെ (ജോയിന്റ്‌ ലയബലിറ്റി ഗ്രൂപ്പ്‌) ഒരേക്കർ കൃഷിയിടത്തിലാണ്‌ ആദ്യം വിളവെടുപ്പ്‌ നടന്നത്‌. മഞ്ഞ, ഓറഞ്ച്‌ നിറത്തിലുള്ള ബന്തിയാണ്‌ കൃഷി ചെയ്തിരുന്നത്‌. ആദ്യഘട്ടത്തിൽ വിളവെടുത്ത പൂക്കൾ ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങൾക്കായി വിറ്റുപോയി. ആറാംതീയതി അത്തത്തിനുമുമ്പായി ബാക്കിയുള്ളവ വിളവെടുക്കും. കുടുംബശ്രീ ചന്തകൾവഴിയും മുൻകൂട്ടി ഓർഡർ നൽകിയിട്ടുള്ള ആവശ്യക്കാർവഴിയുമാകും വിൽപ്പന. ഫസീജ അൻസാർ, ലൈല റഷീദ്‌, സൈനബ നാസർ, സുനിത ഗോപി, ഷംല ആസിഫ്‌ എന്നിവരാണ്‌ റോസ്‌ ജെഎൽജിയിലുള്ളത്‌. മുൻവർഷങ്ങളിലും സംഘം പൂക്കൃഷി ചെയ്തിരുന്നു. ഒരുലക്ഷത്തിലധികം രൂപ ലാഭം നേടാനും സാധിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ 14 ബ്ലോക്കുകളിലായി 29 ഏക്കറിലാണ്‌ ഈ വർഷം പൂക്കൃഷി. ബന്തിപ്പൂക്കൾക്കൊപ്പം വാടാമല്ലിയും കൃഷിയുണ്ട്‌. അത്തംമുതൽ വിൽപ്പന നടത്തുംവിധും എല്ലായിടത്തും ഈ ആഴ്‌ചയോടെ വിളവെടുപ്പ്‌ നടക്കും. കൃഷിയിടത്തിന്റെ പരിസരപ്രദേശങ്ങളിൽമാത്രം വിൽപ്പനയെന്ന രീതിയിൽനിന്നു മാറി നഗരങ്ങളിലടക്കം കൂടുതൽ ആവശ്യക്കാരെ കണ്ടെത്തി പൂക്കൾ എത്തിച്ചുനൽകുന്ന രീതിയിലാണ്‌ ഇത്തവണ വിൽപ്പന. തൈകൾ വാങ്ങാനും മറ്റ്‌ അനുബന്ധപ്രവർത്തനങ്ങൾക്കുമായുള്ള സഹായം ജില്ലാ മിഷൻ നൽകി. കനത്ത മഴ പൂക്കൃഷിയെ ബാധിച്ചയിടങ്ങളിൽ അർഹരായ ഗ്രൂപ്പുകൾക്ക്‌ സഹായങ്ങൾ ലഭ്യമാക്കാനും ജില്ലാ മിഷൻ തീരുമാനിച്ചിരുന്നു. Read on deshabhimani.com

Related News