നുണമാധ്യമങ്ങൾക്ക്‌ ബഹുജന താക്കീത്‌ ; അണിനിരന്നത്‌ നൂറിലേറെപ്പേർ



കൊച്ചി മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്ക്‌ താക്കീതേകി വൻ ബഹുജന കൂട്ടായ്‌മ. തുടർച്ചയായി പച്ചക്കള്ളം പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി എറണാകുളം ബോട്ട്‌ജെട്ടിക്കുമുന്നിലാണ്‌ ബഹുജനങ്ങളെ അണിനിരത്തി കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. റേറ്റിങ്‌ വർധിപ്പിക്കാനുള്ള കിടമത്സരത്തിന്റെ ഭാഗമായി ഏതു പച്ചക്കള്ളവും പടച്ചുവിടാമെന്ന നിലയിലേക്ക്‌ മാധ്യമപ്രവർത്തനം അധഃപതിച്ചെന്ന്‌ സി എൻ മോഹനൻ പറഞ്ഞു. സാധാരണക്കാരുടെ ജീവിതം സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഇകഴ്‌ത്തിക്കാണിക്കാനാണ്‌ ഭൂരിഭാഗം ദൃശ്യ–- പത്രമാധ്യമങ്ങളും ശ്രമിക്കുന്നത്‌. വയനാട് ദുരിതബാധിതർക്ക് ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാനും പുനരധിവാസപ്രവർത്തനങ്ങൾക്ക് തുരങ്കംവയ്‌ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാകു. തെറ്റ്‌ ബോധ്യപ്പെട്ട്‌ ചില മാധ്യമങ്ങൾ തിരുത്താൻ തയ്യാറായെങ്കിലും ചിലർ ഇപ്പോഴും പച്ചക്കള്ളം ആവർത്തിക്കുകയാണ്‌. ഇതിനെതിരെ ജാഗ്രത വേണമെന്നും സി എൻ മോഹനൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌ മണി അധ്യക്ഷനായി.  ബഹുജനകൂട്ടായ്‌മയിൽ സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ അണിനിരന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജോൺ ഫെർണാണ്ടസ്‌, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ടി സി ഷിബു, സി കെ പരീത്‌, ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ, ഏരിയ സെക്രട്ടറി സി മണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News