20 വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടവുമായി വിദ്യാധനം ട്രസ്റ്റ്
കൊച്ചി ജില്ലയിലെ തെരഞ്ഞെടുത്ത 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടങ്ങൾ ഒരുക്കുന്നു. വൃക്ഷത്തൈകളുടെ വിതരണം കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. മാവ്, പ്ലാവ്, പേര, ചെറുനാരകം, ആര്യവേപ്പ് എന്നിവയാണ് വിതരണം ചെയ്തത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൃഷി വിജ്ഞാൻകേന്ദ്ര, സംസ്ഥാന കൃഷി-വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിത്തോട്ടങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാലയങ്ങൾക്ക് അടുത്ത പരിസ്ഥിതിദിനത്തിൽ പ്രത്യേക അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ വി തോമസ് പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു ആർ നായർ, എസ്എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് ബിജു, മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി എന്നിവർ സംസാരിച്ചു. ഫോർട്ട് കൊച്ചി സാന്റാക്രൂസ് സ്‌കൂൾ അധ്യാപകൻ പി എം സുബൈറിന് കർഷകമിത്രം അവാർഡ് സമ്മാനിച്ചു. Read on deshabhimani.com