മണ്ണിനെ ‘ഹീല്‍' ചെയ്യും പൊന്നുരുന്നി മാതൃക

വൈറ്റില മേൽപ്പാലത്തിന് താഴെ ഉപയോഗ ശൂന്യമായി മാലിന്യം നിറഞ്ഞ സ്ഥലത്ത് കൃഷി ഇറക്കിയ ഭൂമിയിൽ ഹീൽ പൊന്നുരുന്നി സൊസൈറ്റി ചെയർമാൻ കൂടിയായ കൗൺസിലർ ദിപിൻ ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷിയുടെ വിളവെടുക്കുന്നു


കൊച്ചി മാലിന്യം നിറഞ്ഞും കാടുപിടച്ചും കിടന്ന സ്വകാര്യഭൂമികളിൽ ഹീൽ പൊന്നുരുന്നി സൊസൈറ്റിയുടെ കാർഷിക പദ്ധതിയിലൂടെ പയറും കോവലും വെണ്ടയുമെല്ലാം മത്സരിച്ച്‌ വളരുകയാണ്‌. മാലിന്യമുക്ത നവകേരളത്തിന് ഹീൽ പൊന്നുരുന്നി സൊസൈറ്റി സമ്മാനിക്കുന്ന നവീന ആശയമാണിത്‌. സംസ്ഥാനമാകെ ഏറ്റെടുത്താൽ കൃഷിയിലും മാലിന്യനിർമാർജനത്തിലും വിജയഗാഥ രചിക്കാമെന്ന്‌ സ്വന്തം മാതൃക ഉയര്‍ത്തിക്കാണിക്കുകയാണ് സൊസൈറ്റിയുടെ അമരക്കാർ. വ്യക്തിയുടെ ഉടമസ്ഥതയിൽ, ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ അവരുടെ സമ്മതത്തോടെ കൃഷിയിറക്കുന്നതാണ്‌ ഹീൽ പൊന്നുരുന്നി സൊസൈറ്റിയുടെ പദ്ധതി. പറമ്പ്‌ കാടുകയറി നശിക്കില്ല, കുപ്പത്തൊട്ടിയുമാകില്ല എന്നതാണ്‌ സ്ഥലമുടമകൾക്കുള്ള നേട്ടം. കാർഷികമേഖലയ്‌ക്ക്‌ കരുത്തേകാനും വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് നിശ്ചിതവരുമാനം നേടാനും സൊസൈറ്റിക്ക്‌ കഴിയുകയും ചെയ്യും. 11 മാസത്തേക്കാണ്‌ ഉടമകളുമായുള്ള കരാർ. ഇതിനകം 60 സെന്റിൽ കൃഷിയാരംഭിച്ചു. നാല്‌ വ്യക്തികൾ പദ്ധതിയുമായി സഹകരിച്ചു, ഇതിൽ രണ്ടുപേർ വിദേശത്താണ്‌. ‘സ്ഥലത്തിനായി സമീപിച്ചപ്പോൾ ആശങ്കയോടെയാണ്‌ ഉടമകൾ കണ്ടതെന്ന്‌ സൊസൈറ്റി ചെയർമാനും പൊന്നുരുന്നി ഈസ്‌റ്റ്‌ കൗൺസിലറുമായ ദിപിൻ ദിലീപ്‌ പറഞ്ഞു. ആവശ്യപ്പെടുന്ന സമയത്ത്‌ സ്ഥലം തിരിച്ചുനൽകാമെന്നു നല്‍കിയ ഉറപ്പിനൊപ്പം പദ്ധതിയുടെ പ്രയോജനങ്ങളും മനസ്സിലാക്കി. കൃഷിയാരംഭിച്ചതോടെ വിമുഖത കാണിച്ചവരുടെ മനോഭാവം മാറി, സൊസൈറ്റിയിലേക്ക് ഇപ്പോള്‍ അന്വേഷണം എത്തിത്തുടങ്ങി. സംസ്ഥാന സർക്കാരിന്റെയും മേയർ എം അനിൽകുമാറിന്റെയും കോർപറേഷന്റെയും പിന്തുണയോടെയാണ്‌ പദ്ധതി. വട്ടിയൂർക്കാവ്‌ യൂത്ത്‌ ബ്രിഗേഡ്‌ സൊസൈറ്റി, പൊന്നുരുന്നി നെല്ല്‌ ഗവേഷണ കേന്ദ്രം, ഗ്രീൻ വില്ലേജ്‌ എന്നിവയുടെ സാങ്കേതിക സഹായവുമുണ്ട്‌. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തുന്നു–ദിപിൻ പറഞ്ഞു. സ്‌മാർട്ടാണ്‌ മാലിന്യശേഖരണവും വ്യക്തികളുടെ തരിശുഭൂമികൾ കൃഷിയിടമാക്കുംമുമ്പ്‌ ഹീൽ സൊസൈറ്റിയുടെ കണ്ണ്‌ പതിഞ്ഞത്‌ നാട്ടിലെ മാലിന്യത്തിലാണ്‌. ബ്രഹ്മപുരം തീപിടിത്തമുണ്ടായപ്പോൾ വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിനുള്ള ശ്രമം ദിപിനും സംഘവും ഊർജിതമാക്കി. പൊന്നുരുന്നി മേൽപ്പാലത്തിന്‌ താഴെ മാലിന്യം കുമിഞ്ഞയിടം സംസ്‌കരണകേന്ദ്രമാക്കി.ഡിവിഷനുകളിലെ 1769 വീടുകളിൽനിന്ന്‌ സൊസൈറ്റിയുടെ കീഴിലുള്ള ഹരിതകർമസേന വഴി ശേഖരിക്കുന്ന ജൈവമാലിന്യം ഇവിടെയെത്തിച്ച്‌ സംസ്‌കരിച്ച്‌ വളമാക്കി. ഈ വളം വിൽക്കുകയും സൊസൈറ്റിയുടെ കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യുന്നു. മാലിന്യശേഖരണം ഉറപ്പാക്കാൻ മുഴുവൻ വീടുകളിലും ക്യു ആർ കോഡ്‌ സ്ഥാപിച്ചു. യൂസർഫീ ശേഖരണം മൈ കൊച്ചി ആപ് മുഖേന ഡിജിറ്റലാക്കി. Read on deshabhimani.com

Related News