ഹരിതാഭമാകാൻ ജില്ല
കൊച്ചി കേരളപ്പിറവി ദിനത്തിൽ ഹരിതാഭമാകാനൊരുങ്ങി ജില്ല. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 6459 ഹരിതസംവിധാനങ്ങളുടെ പ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. 406 ഹരിതസ്ഥാപനങ്ങൾ, 167 ഹരിതവിദ്യാലയങ്ങൾ, 16 ഹരിത ക്യാമ്പസുകൾ, 410 അങ്കണവാടികൾ, 5460 ഹരിത അയൽക്കൂട്ടങ്ങൾ എന്നിവയാണ് ഹരിതപദവിയിലേക്കുയരുന്നത്. കൂടാതെ കവലകളും ബസ് സ്റ്റാൻഡുകളും ഉൾപ്പെടെ 99 പൊതുസ്ഥലങ്ങൾ മാലിന്യക്കൂനകൾ നീക്കി സൗന്ദര്യവൽക്കരിച്ച് ഹരിതവീഥികളും ശുചിത്വപാതകളുമാക്കുന്ന പ്രവൃത്തികളുടെ പ്രഖ്യാപനവും നടക്കും. കൂത്താട്ടുകുളം വൈഎംസിഎ ജങ്ഷനിലാണ് ജില്ലാതല ഉദ്ഘാടനം. കൂത്താട്ടുകുളം സെൻട്രൽ കവലയും ബസ് കാത്തിരിപ്പുകേന്ദ്രവും ഉൾപ്പെടെ പൂച്ചെടികൾവച്ച് മനോഹരമാക്കി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ 20 സെന്റ് മാലിന്യമുക്തമാക്കി ഫലവൃക്ഷത്തോട്ടവും ഒരുക്കും. ഓരോയിടത്തും ജൈവമാലിന്യ സംസ്‌കരണം, അജൈവ പാഴ്‌വസ്തുക്കളുടെ കൈമാറൽ, ഹരിതചട്ടം പാലിക്കൽ, മാലിന്യക്കൂനകൾ നീക്കംചെയ്യൽ എന്നിവ വിലയിരുത്തിയാണ് ഹരിതപദവി പ്രഖ്യാപനം നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടന്നത്. ക്യാമ്പയിൻ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30ന് അവസാനിക്കും. സമൂഹത്തിൽ പ്രകടമായൊരു മാറ്റം ലക്ഷ്യമിട്ടാണ് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ബോധവൽക്കരണം, യുവജനങ്ങളുടെയും വിവിധ കൂട്ടായ്‌മകളുടെയും പങ്കാളിത്തം എന്നിവ ഉറപ്പാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും രഞ്ജിനി പറഞ്ഞു. Read on deshabhimani.com