ചരിത്രനേട്ടത്തിന്‌ ഒരാണ്ട്‌



കൊച്ചി ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ട്‌ ഒരുവർഷം പൂർത്തിയായി. 2023 നവംബർ 26ന്‌ ചേർത്തല സ്വദേശി പി ടി അബിന്റെ വൃക്ക മാറ്റിവച്ചാണ്‌ എറണാകുളം ജനറൽ ആശുപത്രി ചരിത്രനേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്‌. ഞായർ പകൽ രണ്ടിന്‌ ആശുപത്രിയിൽ നടക്കുന്ന ആഘോഷം ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. അമ്മ അമ്പിളിയുടെ വൃക്ക സ്വീകരിച്ച അബിൻ പൂർണ ആരോഗ്യവാനായി ജോലിക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ അഞ്ച്‌ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണ്‌ ഇവിടെ നടന്നത്‌. സർക്കാർ ആരോഗ്യ പദ്ധതിയായ കാസ്‌പിൽ ഉൾപ്പെടുത്തി സൗജന്യമായായിരുന്നു ശസ്‌ത്രക്രിയകൾ. ഞായറാഴ്‌ചത്തെ ചടങ്ങിൽ അബിനും അമ്മ അമ്പിളിയും അതിഥികളായി എത്തും. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ്‌ ഓർഗനൈസേഷനാണ് വൃക്ക മാറ്റിവയ്‌ക്കലിന്‌ രജിസ്ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. അഞ്ചുവർഷത്തേക്കാണ്‌ അനുവാദം. ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷായുടെ നേതൃത്വത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വി മധു എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. നൂറിലധികംപേർ രജിസ്‌റ്റർ ചെയ്‌തെങ്കിലും തുടർച്ചയായി നടത്തിയ ഡയാലിസിസും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളുംമൂലം പകുതിയിലധികം പേർ ശസ്‌ത്രക്രിയ ചെയ്യാവുന്ന ആരോഗ്യസ്ഥിതി ഉള്ളവരായിരുന്നില്ല. 15 പേർ ദാതാക്കളെ കാത്തിരിക്കുന്നുണ്ട്‌. ഒരുവർഷം 10 വൃക്ക മാറ്റിവയ്‌ക്കാൻ എറണാകുളം ജനറൽ ആശുപത്രിക്ക്‌ കഴിയുമെന്ന്‌ സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍മാത്രമാണ് നിലവില്‍ ശസ്ത്രക്രിയ നടത്തുന്നത്.   ജനറൽ ആശുപത്രി വികസനത്തിന്‌ 
കൂട്ടായ പിന്തുണ വേണം: മന്ത്രി പി രാജീവ് കൊച്ചി എറണാകുളം ജനറൽ ആശുപത്രിയുടെ വികസനത്തിന് കൂട്ടായ പിന്തുണ അനിവാര്യമെന്ന് മന്ത്രി പി രാജീവ്. ജനറൽ ആശുപത്രിയുടെ വികസനത്തിനുള്ള ഫണ്ട് സ്വരൂപിക്കാനായി നടന്ന സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റി) കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏകോപിത സംവിധാനം നാടിന്റെ പൊതുസംവിധാനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് ജനറൽ ആശുപത്രി. വിവിധ സർക്കാർ ഫണ്ടുകൾ, സിഎസ്ആർ ഫണ്ട്, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ആശുപത്രിയിലെ പല പദ്ധതികളും നടപ്പാക്കിയത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രശ്നം ഉടൻ പരിഹരിക്കണം. ആശുപത്രിയിലെ ഭക്ഷണവിതരണത്തിന് സംഭാവന നൽകാൻ കൂടുതൽപേർ മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർഥിച്ചു. പിറന്നാൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് രോഗികളെ സഹായിക്കാനുള്ള മനസ്സ്‌ കാണിക്കണം. ഇതിനായി പ്രത്യേക ക്യാമ്പയിൻ നടത്താനും മന്ത്രി നിർദേശിച്ചു. ആശുപത്രിയിലെ ഭക്ഷണവിതരണം ഏറ്റെടുത്ത്‌ നടത്തുന്ന പീറ്ററിനെ മന്ത്രി അഭിനന്ദിച്ചു. ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും കാലാവധി പൂർത്തിയായവ പുതുക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ, ആംബുലൻസ് സേവനം ലഭ്യമാക്കൽ, ഫാർമസി വിപുലീകരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി 33 വികസന പദ്ധതികൾക്കാണ് ആശുപത്രി വികസനസമിതി ഫണ്ട് സ്വരൂപിക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ടിൽനിന്ന് തുക സ്വരൂപിക്കുന്നതിനാണ്‌ കോൺക്ലേവ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എംപി അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, കലക്ടർ എൻ എസ്‌ കെ ഉമേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News