മാമലക്കണ്ടത്ത് ഉരുൾപൊട്ടി
കോതമംഗലം മാമലക്കണ്ടം ചാമപ്പാറയ്‌ക്കുസമീപം കൊല്ലപ്പാറയിൽ വനമേഖലയിൽ ഉരുൾപൊട്ടി. ബുധൻ പുലർച്ചെയാണ് സംഭവം. മലമുകളിൽ ഉരുൾപൊട്ടി 150 മീറ്റർ താഴ്ചയിലേക്കാണ് പാറക്കല്ലും മണ്ണും പതിച്ചത്. ചെമ്പകശേരി ബാലകൃഷ്ണൻ, വാഴയിൽ ബിജു എന്നിവരുടെ കൃഷിയിടത്തിലേക്ക് വലിയ കല്ലും മണ്ണും പതിച്ചു. ബാലകൃഷ്ണന്റെ 20 റബർമരങ്ങൾ നശിച്ചു. ഇവിടെ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. മഴ കനത്താൽ മാറിത്താമസിക്കണമെന്ന് പ്രദേശത്തെ ഏഴ് വീടുകളിലും നേരിട്ടെത്തി അറിയിച്ചു. പഞ്ചായത്ത് അംഗം സൽമ പരീത്, പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ ജയ്മോൻ, റെയ്ഞ്ച് ഓഫീസർ ട്രെയ്നി ഹാഷിഫ് മുഹമ്മദ്, ബിഎഫ്ഒമാരായ വിനീഷ് കുമാർ, മുഹമ്മദ് സ്വാലിക് തുടങ്ങിയവർ സ്ഥലത്തെത്തി. Read on deshabhimani.com