നന്ദിതയുടെ ഡയറിക്കുറിപ്പ് ഇനി കേരളം പഠിക്കും



കോലഞ്ചേരി ഒന്നാംക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഇനി നന്ദിതയുടെ ഡയറിയും. ഒന്നാംക്ലാസിലായിരിക്കെ കിഴക്കമ്പലം ഗവ. എൽപി സ്കൂൾ വിദ്യാർഥി നന്ദിതയെഴുതിയ കൃഷിയെക്കുറിച്ചുള്ള ഡയറിക്കുറിപ്പാണ് എസ്‌സിഇആർടിയുടെ ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകമായ കേരളപാഠാവലിയിൽ രണ്ടാംപതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃഷിത്തോട്ടസന്ദർശനം, വിളകളുടെ സംരക്ഷണം, പ്രതിരോധം എന്നിവ ലഘുകുറിപ്പിലൂടെ ഈ കൊച്ചുമിടുക്കി വിശദമാക്കുന്നുണ്ട്. ഇപ്പോൾ രണ്ടാംക്ലാസിൽ പഠിക്കുന്ന നന്ദിത സ്കൂളിനും നാടിനും അഭിമാനമാണ്. ഒന്നാംക്ലാസിലെ മലയാളം അധ്യാപിക വി പി നസീമ, കുട്ടികൾ തയ്യാറാക്കിയ ഡയറിക്കുറിപ്പുകൾ കഴിഞ്ഞവർഷം എസ്‌സിഇആർടിയുടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിക്ക്‌ അയച്ചിരുന്നു. ഇതിൽനിന്നാണ് നന്ദിതയുടെ കുറിപ്പ് തെരഞ്ഞെടുത്തത്. കിഴക്കമ്പലം പൊയ്യക്കുന്നം സ്വദേശി സുബ്രഹ്മണ്യന്റെയും രജിതയുടെയും മകളാണ്‌. എൽകെജിമുതൽ കിഴക്കമ്പലം ഗവ. എൽപി സ്കൂളിലാണ് പഠിക്കുന്നത്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മിടുക്കിയാണ്. നന്ദിതയെയും രക്ഷിതാക്കളെയും അധ്യാപിക വി പി നസീമയെയും പിടിഎ അഭിനന്ദിച്ചു. Read on deshabhimani.com

Related News