ബൈക്കിൽ ‘8’ മുട്ടിക്കാനാകാതെ വലയുന്നു



തൃക്കാക്കര കാൽപ്പാദംകൊണ്ട്‌ ഗിയർ മാറുന്ന ഇരുചക്രവാഹനം ഉപയോഗിച്ച് നടത്തുന്ന ഡ്രൈവിങ്‌ പരീക്ഷയിൽ വിജയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ബൈക്കിൽ ‘8’ മുട്ടിക്കാനാകാതെയാണ്‌ പരീക്ഷാർഥികൾ പരാജയപ്പെട്ടത്‌. കൈകൊണ്ട്‌ ഗിയർ മാറാവുന്ന ബജാജ് എം 80 വാഹനങ്ങൾ ജൂലൈ 30 മുതൽ മോട്ടോർവാഹനവകുപ്പ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഡ്രൈവിങ്‌ പരീക്ഷ ശാസ്‌ത്രീയമാക്കാനും കൈകൊണ്ട് ഗിയർ മാറുന്ന പുതിയ വാഹനങ്ങൾ രാജ്യത്ത് നിലവിലില്ലാത്തതുംമൂലമാണ് ഗതാഗതവകുപ്പ് ഇത്തരം വാഹനങ്ങൾ ടെസ്റ്റിൽനിന്ന്‌ ഒഴിവാക്കിയത്. തുടർന്നാണ്‌ കാൽപ്പാദംകൊണ്ട്‌ ഗിയർ മാറുന്ന ബൈക്കുകൾ പരീക്ഷയ്‌ക്ക്‌ ഉപയോഗിച്ചത്‌. പരിഷ്കരിച്ച ഇരുചക്രവാഹന ഡ്രൈവിങ്‌ പരീക്ഷയിൽ പങ്കെടുക്കാൻ ആദ്യദിനമായ വ്യാഴാഴ്‌ച കാക്കനാട് ഗ്രൗണ്ടിൽ 48 പേരെത്തി. പരീക്ഷാർഥികൾക്ക് കാൽപ്പാദംകൊണ്ട്‌ ഗിയർ മാറുന്ന വാഹനങ്ങൾ ഡ്രൈവിങ്‌ സ്കൂളുകൾ ഒരുക്കിയിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 18 പേർ പരീക്ഷ വിജയിച്ചപ്പോൾ 30 പേർക്ക്‌ കടമ്പ കടക്കാനായില്ല. വെള്ളിയാഴ്‌ച 41 പേർ പങ്കെടുത്തതിൽ 11 പുരുഷന്മാരും ആറ് സ്ത്രീകളും വിജയിച്ചു. എംവിഐ കെ ജി ബിജു, അജയ് രാജെ, കെ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവിങ്‌ പരീക്ഷ. Read on deshabhimani.com

Related News