ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി ; മീൻ കുറവ്‌



കൊച്ചി / വൈപ്പിൻ ട്രോളിങ് നിരോധനത്തിനുശേഷം ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി. മുനമ്പത്തുനിന്നുപോയ ഏതാനും ബോട്ടുകളിൽ കുറഞ്ഞതോതിൽ കിളിമീനും കണവയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാളമുക്ക് ഹാർബറിൽ ഒരു ബോട്ട് മാത്രമാണ് തീരമണഞ്ഞത്. അതിൽ ചെറിയ തോതിൽ കിളിമീനുണ്ടായിരുന്നു. തോപ്പുംപടി തുറമുഖത്തും ബോട്ടുകൾ എത്തിയത്‌ കിളിമീനുമായാണ്‌. കൂടുതൽ വലിയ ബോട്ടുകൾ കരിക്കാടിച്ചെമ്മീനുമായി ശനി പുലർച്ചെ എത്തിയേക്കും. മുനമ്പം ഹാർബറിൽ കിലോഗ്രാമിന് 110 രൂപ തോതിലാണ് ലേലം നടന്നത്. കണവക്ക്‌ നാനൂറു രൂപയോളം ലഭിച്ചു. ആദ്യ ദിനം പ്രതീക്ഷിച്ചപോലെ മീൻ ലഭിക്കാഞ്ഞത് തൊഴിലാളികളെയും കച്ചവടക്കാരെയും നിരാശരാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ കാച്ചിങ് വളരെ മോശമാണെന്നാണ് തൊഴിലാളികൾ പറഞ്ഞത്. ജില്ലയിലെ വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച്‌ ആയിരത്തിലധികം മീൻപിടിത്ത ബോട്ടുകളിലായി 11,000 തൊഴിലാളികളാണ്‌ കടലിൽ പോയത്‌. തോപ്പുംപടിയിൽനിന്ന്‌ ഇത്തവണ നൂറിനുമുകളിൽ ബോട്ടുകൾ പോയിരുന്നു. ഇതിൽ ഇടത്തരം ബോട്ടുകളിൽ ഒമ്പതെണ്ണം തിരിച്ചെത്തി. ഒരു ബോട്ടിൽ രണ്ടുലക്ഷം രൂപയുടെ കിളിമീൻ ലഭിച്ചതായി ട്രോളിങ്‌ ബോട്ട്‌ ഓണേഴ്‌സ്‌ അസോസിയേഷൻ സെക്രട്ടറി സിബി പുന്നൂസ്‌ പറഞ്ഞു. പ്രവർത്തനച്ചെലവ്‌ അധികമായതിനാൽ ബോട്ട്‌ ഉടമയ്‌ക്കും ജീവനക്കാർക്കും വലിയ നേട്ടം ഇത്തവണയും ഇല്ല. ഒറ്റത്തവണകടലിൽ പോകാൻ കുറഞ്ഞത്‌ 500 ലിറ്റർ ഡീസൽ വേണം. ഐസ്‌, ജീവനക്കാരുടെ ബാറ്റ, റേഷൻ എന്നിവയാണ്‌ മറ്റ്‌ ചെലവുകൾ. ആറുമുതൽ 15 വരെ തൊഴിലാളികളാണ്‌ ബോട്ടിൽ പണിയെടുക്കുന്നത്‌. ഒരു പ്രാവശ്യം കടലിൽ പോയിവരാൻ ബോട്ടിന്‌ കുറഞ്ഞത്‌ 70,000 മുതൽ 80,000 രൂപവരെ ചെലവുവരും. ഇതരസംസ്ഥാന ഫൈബർ വള്ളങ്ങൾ ഇവിടെ വന്ന്‌ ചെമ്മീൻ പിടിക്കുന്നതിനാൽ കരിക്കാടിച്ചെമ്മീൻ പ്രതീക്ഷിച്ച്‌ ബോട്ടുകൾ ഇറക്കിയ തൊഴിലാളികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ബോട്ടിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കുപുറമെ നാലിരട്ടിയോളം അനുബന്ധ തൊഴിലാളികളും രംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌. ബോട്ടുകളെല്ലാം തിരിച്ചെത്തുന്നതോടെ തുറമുഖങ്ങളും മീൻവിൽപന കേന്ദ്രങ്ങളും സജീവമാകും. Read on deshabhimani.com

Related News