തിരികെപ്പിടിച്ച ഓര്‍മയില്‍ 
വിരിഞ്ഞു ‘ദിനവൃത്താന്തം’



പള്ളുരുത്തി കൈവിട്ടുപോയ ജീവിതവും ഓര്‍മയും തിരികെപ്പിടിച്ച് എഴുത്തിന്റെ ലോകത്തേക്ക് മടങ്ങിയെത്തുകയാണ് എം വി ബെന്നി. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം അദ്ദേഹം തയ്യാറാക്കിയ പുസ്തകം ഞായറാഴ്ച പ്രകാശിപ്പിക്കും. 2014 മെയ് 19ന് നടന്ന വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം 37 ദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതി. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങളോളം ചികിത്സ തുടർന്നു. ഓർമ തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, ബെന്നി ജീവിതത്തിലേക്ക് ചുവടുവച്ചു. ഇതിനിടെ, അക്ഷരങ്ങൾ മറന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം അക്ഷരം എഴുതി പഠിച്ചു. പരിശീലനത്തിലൂടെ മലയാളം കൂട്ടിവായിക്കാമെന്നായി,അപ്പോഴും കാഴ്ചാപ്രശ്‌നങ്ങളുണ്ടായി. ഓർമ പൂർണമായും തിരിച്ചെത്താന്‍ പിന്നെയും കാലമെടുത്തു. ബുദ്ധിമുട്ടുകളെ അതിജീവിച്ച് ബെന്നി വായനയിലേക്ക് തിരിച്ചുവന്നു.  നിരന്തരപരിശ്രമത്തിനൊടുവില്‍ ലേഖനം എഴുതിത്തുടങ്ങി. ഏറെ ബുദ്ധിമുട്ടുകളെ താണ്ടി തയ്യാറാക്കിയ ലേഖനസമാഹാരമായ "ദിനവൃത്താന്തം' എട്ടിന് വൈകിട്ട് നാലിന് പള്ളുരുത്തി ഭവാനീശ്വര കല്യാണ മണ്ഡപത്തിൽ പ്രകാശിപ്പിക്കും. പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. ടി പി പീതാംബരൻ അധ്യക്ഷനാകും. പുസ്തകം വിജയലക്ഷ്മി പ്രകാശിപ്പിക്കും എ കെ സന്തോഷ് പുസ്തകം ഏറ്റുവാങ്ങും. പി എഫ്  മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ എം വി ബെന്നിയെ ആദരിക്കും. Read on deshabhimani.com

Related News