ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടി; യുവതി അറസ്‌റ്റിൽ



കൊച്ചി ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുളമാവുനിൽക്കുന്നതിൽ വീട്ടിൽ ജിഷ കെ ജോയിയെ(41)യാണ്‌ വാത്തുരുത്തി സ്വദേശി വിജയ്‌ രാജാറാമിന്റെ പരാതിയിൽ  എറണാകുളം സൗത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേട്ട്‌ പരീക്ഷാവിജയികളുടെ ലിസ്‌റ്റിൽ പേരുണ്ടെന്നും നിയമനത്തിന്‌ കാക്കുകയാണെന്നും വിജയ്‌ രാജാറാമിനെ ജിഷ വിശ്വസിപ്പിച്ചു. ഹൈക്കോടതിയിൽ അസിസ്‌റ്റന്റായി ജോലി നൽകാമെന്നും വാഗ്‌ദാനം ചെയ്‌തു.  ഇതിനായി 2.15 ലക്ഷം വാങ്ങി. പിന്നീട്‌ അമേരിക്കയിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നുപറഞ്ഞ്‌ 6.5 ലക്ഷവും കൈക്കലാക്കി. എന്നാൽ, ജോലിയും നൽകിയ പണവും ലഭിക്കാതായതോടെ രാജാറാം പൊലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ജിഷയെ അറസ്‌റ്റ്‌ ചെയ്‌തത്‌. വിജയ്‌ രാജാറാമിന്റെ ഭാര്യ തയ്യൽക്കാരിയാണ്‌. ജിഷ ആദ്യം ഇവരെയാണ്‌ പരിചയപ്പെട്ടത്‌. ഇവർവഴി വിജയ്‌ രാജാറാമിനെയും. മുക്കുപണ്ടം പണയംവച്ചുള്ള തട്ടിപ്പിന്‌ ജിഷയ്‌ക്കെതിരെ പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ കേസുണ്ട്‌. Read on deshabhimani.com

Related News