ആസ്വാദകമനം നിറച്ച്‌ ഭാവ്‌ സമാപിച്ചു

‘ഭാവ് 2024’ ന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ദിവ്യ ഉണ്ണിയുടെ ചുവടുകൾ


കൊച്ചി കോർപറേഷൻ സംഘടിപ്പിച്ച നൃത്തോത്സവം ‘ഭാവ്‌ 2024’ സമാപിച്ചു. നൃത്തോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ രാജ്യാന്തര പ്രശസ്തരായ നർത്തകരുടെ അവതരണങ്ങളും ശിൽപ്പശാലകളും ആസ്വാദകർക്ക് നവ്യാനുഭവമായി. രമ വൈദ്യനാഥൻ, പാർവതി–-- ഷിജിത്ത് ദമ്പതിമാർ, പ്രവീൺകുമാർ തുടങ്ങിയവരുടെ ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് നൃത്തവിദ്യാർഥികൾക്ക് ഗുണകരമായെന്ന് ബംഗളൂരുവിൽ ഡാൻസ് സ്കൂൾ നടത്തുന്ന ശ്രുതി പറഞ്ഞു. നൃത്തത്തിന്റെ സാങ്കേതിക വശങ്ങളായിരുന്നു ശിൽപ്പശാലയിലെ പ്രധാന പ്രതിപാദ്യം. നാലുദിവസമായി നടന്ന ശിൽപ്പശാലയിൽ ദിവ്യ ഉണ്ണി ഉൾപ്പെടെ 60 പേർ പങ്കെടുത്തു. ദിവ്യയുടെ മകൾ നാലുവയസ്സുകാരി ഐശ്വര്യമുതൽ അറുപതുകാരി ധനലക്ഷ്മി റാവുവരെ ശിൽപ്പശാലയിൽ ചുവടുവച്ചു. ഐടി പ്രൊഫഷണൽ, അഭിഭാഷകർ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, നൃത്ത അധ്യാപകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ളവരാണ്‌ ശിൽപ്പശാലയിൽ പങ്കെടുത്തത്‌. സമാപനദിനത്തിൽ അമീന ഷാനവാസിന്റെ മോഹിനിയാട്ടവും ബംഗളൂരു നൃത്യാഗ്രാം ഒരുക്കിയ ഒഡീസിയും അരങ്ങേറി. കലാമേഖലയിലെ  സംഭാവനകൾ പരിഗണിച്ച്‌ കലാവിജയൻ, കലാമണ്ഡലം സുഗന്ധി,  കലാമണ്ഡലം സുമതി,  അനുപമ മോഹൻ എന്നിവരെ ആദരിച്ചു.  മേയർ എം അനിൽകുമാർ,  കലക്ടർ  എൻ എസ് കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടർ കെ മീര, ഫെഡറൽ ബാങ്ക്‌ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് -ബി വിനോദ്, ആശാ ശരത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News