ആക്രി ഗോഡൗണിലെ തീപിടിത്തം: തൊഴിലാളികളുടെ മൊഴിയെടുക്കും
കൊച്ചി സൗത്ത് റെയിൽവേ മേൽപ്പാലത്തിനുസമീപത്തെ തീപിടിത്തമുണ്ടായ ആക്രി ഗോഡൗണിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ വി ജെ തോംസൺ, അസിസ്‌റ്റന്റ് ഇൻസ്‌പെക്ടർ ഡി എസ് ധനുസ് എന്നിവർ പരിശോധന നടത്തി. ചൊവ്വ രാവിലെ 10.45ന് ആരംഭിച്ച പരിശോധന 12ന് അവസാനിച്ചു. ഫൊറൻസിക് സംഘവും ചൊവ്വാഴ്‌ച പരിശോധന നടത്തി. ഗോഡൗണിന് അകത്തുണ്ടായിരുന്ന നേപ്പാൾ സ്വദേശികളായ എട്ട് തൊഴിലാളികളുടെയും സമീപവാസികളുടെയും മൊഴി വരുംദിവസങ്ങളിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. കെഎസ്‌ഇബിയിൽനിന്ന് റിപ്പോർട്ട് തേടും. ഇതെല്ലാം പൂർത്തിയാക്കിയശേഷം പൊലീസിന് റിപ്പോർട്ട് നൽകും. ഗോഡൗണിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ അനുമതി നൽകി. തീപിടിത്തമുണ്ടായതിൽ സൗത്ത് പൊലീസ് തിങ്കളാഴ്‌ച കേസെടുത്തിരുന്നു. ഗോഡൗൺ ഉടമ രാജുവിന്റെ പരാതിയിലാണ് നടപടി. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണെന്ന നിഗമനത്തിലാണ് പൊലീസ്. അഗ്‌നി രക്ഷാസേനയും റിപ്പോർട്ട് തയ്യാറാക്കും. റെയിൽട്രാക്കിനുസമീപം ഞായർ പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. സമീപത്തെ വീടും ഭാഗികമായി നശിച്ചു. ഗോഡൗണിന് അകത്തുണ്ടായിരുന്ന തൊഴിലാളികളെ അഗ്നി രക്ഷാസേനാംഗങ്ങളും പൊലീസും ചേർന്ന് രക്ഷിച്ചു. Read on deshabhimani.com