കിണറ്റിൽ നിന്ന് കുട്ടിയാനയെ രക്ഷിച്ചത് ഒന്നരമണിക്കൂറില്‍
കോതമംഗലം പിണവൂർകുടിയിൽ കാട്ടാനക്കൂട്ടത്തിൽനിന്ന് കൂട്ടംതെറ്റി കിണറ്റിൽവീണ കുട്ടിയാനയെ രക്ഷിച്ചു. കുട്ടമ്പുഴ പിണവൂർകുടി ആദിവാസി മേഖലയ്‌ക്ക് സമീപത്തെ കിണറ്റിൽവീണ കുട്ടിയാനയെ വനം–--അഗ്നി രക്ഷാസേന സംഘം രക്ഷിച്ചു. ആനക്കൂട്ടത്തിനൊപ്പമെത്തിയ കുട്ടിയാന പിണവൂർകുടി നിർമല രാജന്റെ റബർത്തോട്ടത്തിലെ കിണറ്റിൽ തിങ്കൾ രാത്രി 9.30 ഓടെയാണ് വീണത്. വാളറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ അജയന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരും കോതമംഗലം അഗ്നി രക്ഷാസേനയും ചേർന്ന് രാത്രി 11ന് ആനക്കുട്ടിയെ കരയ്ക്കുകയറ്റി. കിണറിന്റെ വശങ്ങൾ ഇടിച്ച് വടമിട്ടുകൊടുത്ത് കരയ്ക്ക് എത്തിച്ചു. സമീപത്ത് നിലയുറപ്പിച്ച ആനക്കൂട്ടം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. പന്തംകൊളുത്തി പാട്ട കൊട്ടി കാട്ടാനക്കൂട്ടത്തെ മാറ്റിനിർത്തി. കരപറ്റിയ ആനക്കുട്ടിക്ക് പരിക്കുകളില്ലെന്ന് വനപാലകർ പറഞ്ഞു. കുട്ടിയാന, മാറിനിന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഉൾക്കാട്ടിലേക്ക് പോയി. Read on deshabhimani.com