തൃക്കാക്കര നഗരസഭ ; അജിത തങ്കപ്പനെ അയോഗ്യയാക്കി
തൃക്കാക്കര കോൺഗ്രസ് നേതാവും നഗരസഭ മുൻ അധ്യക്ഷയുമായ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. അജിത അംഗമായ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗങ്ങളിൽ തുടർച്ചയായി മൂന്നു മാസത്തിലേറെയായി പങ്കെടുക്കാത്തതിനാലാണ് നടപടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയെ തുടർന്നാണിത്. നടപടി നഗരസഭാ സെക്രട്ടറി ടി കെ സന്തോഷ് അജിത തങ്കപ്പന്റെ വീട്ടിലെത്തി രേഖാമൂലം അറിയിച്ചു. കെന്നഡിമുക്ക് 43–--ാംവാർഡ് കൗൺസിലറാണ് അജിത. അവധി അപേക്ഷ നൽകാതെയും കാരണം ബോധ്യപ്പെടുത്താതെയും തുടർച്ചയായി മൂന്നുമാസത്തിലധികം യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ, നഗരപാലിക നിയമത്തിന്റെ സെക്‌ഷൻ - -91 (കെ) പ്രകാരം കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കുന്നതായി സെക്രട്ടറി നൽകിയ നോട്ടീസിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം ഇടയ്‌ക്കിടെ കൗൺസിൽ യോഗങ്ങളിൽ എത്തുമെങ്കിലും വിദ്യാഭ്യാസ സ്ഥിരംസമിതി യോഗങ്ങളിൽ അജിത പങ്കെടുക്കാറില്ല. തൃക്കാക്കര നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കൗൺസിലർ ആയോഗ്യയാക്കപ്പെടുന്നത്. തൃക്കാക്കര പഞ്ചായത്ത് ആയിരുന്ന കാലംമുതൽ വിവിധ വാർഡുകളിൽ ഇവർ ജനപ്രതിനിധിയായിരുന്നു. നഗരസഭാ അധ്യക്ഷയായിരിക്കെ ഓണത്തിന് കൗൺസിലർമാർക്ക് പണക്കിഴി വിതരണം ചെയ്‌തതിന് വിജിലൻസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയാണ് അജിത. Read on deshabhimani.com