ഫാക്ട് കരാർ തൊഴിലാളികൾ സമരത്തിലേക്ക്‌



കളമശേരി ഫാക്ട് മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കരാർ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്. തൊഴിലാളികളുമായി ഫാക്ട് മാനേജ്മെ​ന്റ് ഒപ്പുവച്ച കരാർ പാലിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, തൊഴിലാളികൾക്ക് ക്യാന്റീൻ അനുവദിക്കുക, ഫോട്ടോ പതിച്ച പാസ് നൽകുക, ഇഎസ്ഐ–-പിഎഫ് വിഹിതം തൊഴിലുടമയായ കമ്പനിയുടെ കോഡിൽ അടയ്ക്കുക, അഡ്ഹോക് ഹെൽപ്പർ നിയമനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിനുമുന്നോടിയായി ഫാക്ട് നോർത്ത് ഗേറ്റിൽ നടന്ന വിശദീകരണയോഗം സിഐടിയു യൂണിയൻ പ്രസിഡന്റ് എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ എം ടി നിക്സൻ, സനോജ് മോഹൻ, എ ഡി അനിൽകുമാർ, കെ എസ് ഷിബു, പി എം അലി, പി അജിത്‌കുമാർ, സി എ നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. പണിമുടക്കിയശേഷം നോർത്ത് ഗേറ്റിൽനിന്ന് പ്രകടനമായി ഫെഡോ ഗേറ്റിൽ പ്രതിഷേധയോഗവും സംഘടിപ്പിക്കും. Read on deshabhimani.com

Related News