മറ്റൂർ–ചെമ്പിച്ചേരി റോഡ്‌ ; അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണം



കാലടി എംസി റോഡിൽ മറ്റൂർ ജങ്‌ഷനിൽനിന്ന് തിരിയുന്ന ചെമ്പിച്ചേരി റോഡിൽ ടോറസ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതായി പരാതി. എംസി റോഡിൽ ഗതാഗതക്കുരുക്ക് മുറുകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് ഈ റോഡ് വഴിയാണ്.  വീതിയേറിയ ചെമ്പിച്ചേരി–-കൈപ്പട്ടൂർ റോഡിൽ ടോറസും ക്രെയിനും ലോറികളും പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കിടയാക്കും. കൈപ്പട്ടൂർ ഭാഗത്തുനിന്ന് വേഗത്തിൽ വരുന്ന ചെറുവാഹനങ്ങൾ ഇടുങ്ങിയ കൾവർട്ട് കടക്കുമ്പോൾ പെട്ടെന്ന് അപകടത്തിൽപ്പെടാനിടയുമുണ്ട്. ആറുമാസംമുമ്പ്‌ മഞ്ഞപ്ര സ്വദേശിയായ യുവാവ് ഇവിടെ അപകടത്തിൽ മരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് ചെറുവാഹനങ്ങളിൽ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കെത്തുന്നവരും തിരികെ പോകുന്നവരും ഭൂരിഭാഗവും കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ മറികടക്കാൻ കൈപ്പട്ടൂർ - ചെമ്പിച്ചേരിവഴിയാണ് യാത്ര ചെയ്യുന്നത്. പാറമടകളിൽനിന്ന്‌ ലോഡ് കയറ്റിവരുന്ന നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. ആദിശങ്കര എൻജിനിയറിങ്‌ കോളേജ്, ശ്രീശങ്കര കോളേജ്, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളായ ബൈക്ക് യാത്രികരും ഈ റോഡാണ് ഉപയോഗിക്കുന്നത്. വ്യവസായമേഖലയായ ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെ ജോലിക്കാരായ നാട്ടുകാരും അതിഥിത്തൊഴിലാളികളും കാൽനടയായി സഞ്ചരിക്കുന്ന വഴിയിൽ ഏതുനിമിഷവും അപകടം സംഭവിക്കാം.  അനധികൃത പാർക്കിങ്ങിനെതിരെ അടിയന്തരനടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ അങ്കമാലി ജോയിന്റ് ആർടിഒയ്‌ക്കും കാലടി എസ്എച്ച്ഒയ്‌ക്കും പരാതി നല്കി. Read on deshabhimani.com

Related News