ഗവർണറുടെ ഏകപക്ഷീയ നടപടി അവസാനിപ്പിക്കണം: എസ്‌എഫ്‌ഐ



കൊച്ചി സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണർ ഏകപക്ഷീയമായി വൈസ്‌ചാൻസലർമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ കളമശേരിയിൽ ചേർന്ന എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങളെയാകെ അട്ടിമറിച്ച്‌ സെനറ്റിലും സിൻഡിക്കറ്റിലും ഉൾപ്പെടെ ഗവർണറുടെ ഇഷ്ടക്കാരെ കുത്തിനിറയ്‌ക്കുകയാണ്‌. അക്കാദമിക് കൗൺസിലിൽപ്പോലും ഏകപക്ഷീയമായി ചിലരെ തിരുകിക്കയറ്റുന്നു. സുതാര്യമായ കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന നടപടിയിൽനിന്ന്‌ ഗവർണർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസനയത്തിൽ വർഗീയത പടർത്താനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷിതമായ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുക, ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക തുടങ്ങിയ പ്രമേയങ്ങളും ജില്ലാ സമ്മേളനം ഐകകണ്‌ഠ്യേന അംഗീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി രണ്ടു ദിവസമായി കളമശേരി യഹിയ നഗറിൽ (ടൗൺഹാൾ) നടന്ന സമ്മേളനം ഭാരവാഹി തെരഞ്ഞെടുപ്പോടെ ചൊവ്വ വൈകിട്ട്‌ സമാപിച്ചു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്ക്‌ ജില്ലാ സെക്രട്ടറി അർജുൻ ബാബുവും സംഘടനാ റിപ്പോർട്ടിലുള്ള ചർച്ചകൾക്ക്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും മറുപടി നൽകി. സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News