മൊബൈൽ ടവറിന് സ്ഥലം നൽകി 
ആന്റണി വെട്ടിലായി



പെരുമ്പാവൂർ മൊബൈൽ ടവർ സ്ഥാപിക്കാൻ എയർടെല്ലിന് സ്ഥലംകൊടുത്ത ഉടമ വെട്ടിലായി. കോടനാട് കുറിച്ചിലക്കോട് പള്ളശേരിവീട്ടിൽ പി പി ആന്റണിയെയാണ് (63) കരാർപ്രകാരം കമ്പനി വാടക നൽകാതെ ചുറ്റിക്കുന്നത്. 2007ൽ അഞ്ചുസെന്റ് സ്ഥലത്ത് പ്രതിമാസം 6000 രൂപ വാടക കരാറുണ്ടാക്കിയാണ് ടവർ സ്ഥാപിച്ചത്. മൂന്നുവർഷം കഴിയുമ്പോൾ 30 ശതമാനം വർധിപ്പിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ, 2009 വരെ രണ്ടുവർഷം വാടക അക്കൗണ്ടിലേക്ക് വന്നെങ്കിലും പിന്നീട് നിലച്ചു. കഴിഞ്ഞ 15 വർഷമായി വാടക നൽകുന്നില്ല. 20 വർഷത്തേക്കാണ് കരാർ. എറണാകുളത്തെ പ്രധാന ഓഫീസിൽ മാനേജർക്ക് പരാതി നൽകിയപ്പോൾ കരാറുണ്ടാക്കിയ മാനേജർ സ്ഥലംമാറി പോയെന്നായിരുന്നു മറുപടി. എയർടെൽ മാനേജർക്കെതിരെ കോടനാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ ഒന്നിന് വാടക തീർത്തുനൽകാമെന്നു പറഞ്ഞെങ്കിലും പണം നൽകിയില്ല. ഇതിനുപുറമെ ടവർ സ്ഥാപിക്കുന്നതിനും ഫില്ലർ സ്ഥാപിക്കുന്നതിനും സ്ഥലം ഉടമതന്നെയാണ് പണം മുടക്കിയതെങ്കിലും ആ പണവും കമ്പനി നൽകാൻ തയ്യാറായില്ല. വർഷങ്ങളായി എറണാകുളത്തെ ഓഫീസ് കയറിയിറങ്ങുകയാണ്. കൃഷിക്കാരനായ ആന്റണിയുടെ വീടിന്റെ മുൻവശമാണ് ടവർ സ്ഥാപിക്കാൻ വിട്ടുനൽകിയത്. Read on deshabhimani.com

Related News