വഴിയും വെളിച്ചവുമില്ല; കുറ്റിലക്കരയിൽ 
15 കുടുംബങ്ങൾ ദുരിതത്തിൽ

കുറ്റിലക്കര പറമ്പ് ഭാഗത്ത് വയോധികർ കാടുമൂടിയ വഴിയിലൂടെ കൊച്ചുമകൾക്കൊപ്പം നടന്നു വരുന്നു


കാലടി വീട്ടിലേക്ക്‌ വഴിതെളിയാൻ അവസാനിക്കാത്ത കാത്തിരിപ്പുമായി പഞ്ചായത്ത്‌ 16–-ാം വാർഡിലെ കുറ്റിലക്കര പറമ്പ് പ്രദേശത്തെ 15 കുടുംബങ്ങൾ. ഇടുങ്ങിയ വഴിയിലൂടെ വിഷപ്പാമ്പുകളെ ഭയന്നാണ്‌ ഇവരുടെ ദുരിതയാത്ര. 15 വർഷംമുമ്പ്‌ കാലടി പഞ്ചായത്തിന് വിട്ടുനൽകിയ 300 മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള വഴി തെളിക്കാനോ തെുരുവുവിളക്കുകൾ സ്ഥാപിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഇടപെടലുണ്ടായിട്ടില്ല. നായത്തോട് ചിറവരെ എത്താൻ കഴിയുന്ന വഴിയാണിത്. ചെമ്മൺപാത മഴയിൽ കുഴഞ്ഞ് ചെളിയും വെള്ളക്കെട്ടുമായിരിക്കുന്നു. ഇരുവശവും ഒരാൾ പൊക്കത്തിൽ പുല്ലുവളർന്ന്‌ കാടുപിടിച്ചു. വിഷപ്പാമ്പുകളെ പേടിച്ച് കുട്ടികളെ തനിയെ വിടാറില്ല. വൈദ്യുതി പോസ്റ്റുകൾ ഇല്ലാത്തതിനാൽ വഴിവിളക്കുമില്ല. രാത്രിയാത്രയാണ്‌ ഏറെ ദുരിതം. പ്രധാന ടാറിങ്‌ വഴിവരെ മാത്രമേ സ്കൂൾ വാഹനമെത്തൂ. രണ്ട് വർഷംമുമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റുകൂടിയായ വാർഡ് മെമ്പർ എം പി ആന്റണി തെുരുവുവിളക്ക്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും നടപ്പായില്ല. കാലടി  പഞ്ചായത്തിലെ സ്ട്രീറ്റ്‌ലൈൻ വലിക്കൽ പദ്ധതിയിൽ ബാക്കിയുള്ള നാലുലക്ഷം രൂപയിൽ ഉൾപ്പെടുത്തി കുറ്റിലക്കര പറമ്പ് പ്രദേശങ്ങളിലേക്ക് അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News