തൊഴിലുറപ്പിന് ഇടവേള, 
74–ാംവയസ്സിൽ തങ്കമ്മ കോളേജിലേക്ക്



കൂത്താട്ടുകുളം തൊഴിലുറപ്പുപണിക്ക്‌ ഇടവേള. 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ഇലഞ്ഞി വിസാറ്റ് കോളേജ് ക്യാമ്പസിൽ താരമായി തങ്കമ്മ. ഓപ്പൺ സ്കൂൾ ഫലത്തിനുശേഷം നടന്ന അലോട്ട്മെന്റിലാണ് ഇലഞ്ഞി വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് റഗുലർ ബിരുദത്തിന്‌ പി എം തങ്കമ്മ പ്രവേശനം നേടിയത്. 16 പേരുള്ള ക്ലാസിലെ ബാക്കി 15 പേർക്കും പതിനെട്ടോടടുത്താണ് പ്രായം. ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നുണ്ട്. സാഹചര്യങ്ങൾമൂലം നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മ നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് പുതിയ കോളേജ് ജീവിതം. 1951ൽ രാമപുരം വെള്ളിലാപ്പള്ളിയിലാണ് ജനനം. എട്ടാംക്ലാസിൽ പഠനം നിർത്തി. 1968ൽ ഇലഞ്ഞിയിലേക്ക് വിവാഹം കഴിച്ചയച്ചു. തൊഴിലുറപ്പുപദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻവഴി എഴുതി. 74 ശതമാനം മാർക്കോടെ വിജയം. 2024ൽ ഹ്യുമാനിറ്റീസിൽ 78 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർപഠനത്തിനുള്ള ആഗ്രഹം പലരുമായും പങ്കുവച്ചു. വിസാറ്റ് കോളേജ് അധികൃതർവഴി എംജി സർവകലാശാല അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം പുതുക്കിനൽകി. പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി മാവുങ്കൽ, ഡോ. കെ ജെ അനൂപ്, ഷാജി ആറ്റുപുറം എന്നിവരുടെ ശ്രമഫലമായി മാനേജ്മെന്റ്‌ ഫീസ് ഒഴിവാക്കി. വീട്ടിൽനിന്ന്‌ മടുക്ക കവലവരെ ലിഫ്റ്റടിക്കും. പിന്നെ കൂട്ടുകാർക്കൊപ്പം കോളേജ് ബസിലാണ് യാത്ര. മക്കളായ ബാബുവും ലീനയും അമ്മയുടെ പഠനത്തിന് പിന്തുണയുമായുണ്ട്. Read on deshabhimani.com

Related News