നെഞ്ച് തുറക്കാതെ പൾമണറി വാൽവ് മാറ്റിവച്ച് രാജഗിരി ആശുപത്രി
ആലുവ മാലദ്വീപ് സ്വദേശിയായ ഐഷത്ത് നാദുഹ എന്ന പതിനെട്ടുകാരിയുടെ പൾമണറി വാൽവ് നൂതനരീതിയിലൂടെ മാറ്റിവച്ച് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. ട്രാൻസ്‌കത്തീറ്റർ പൾമണറി വാൽവ് റീപ്ലേസ്‌മെന്റ് രീതിയിലൂടെയാണ് ശസ്ത്രക്രിയ കൂടാതെ മാറ്റിവച്ചത്. രാജഗിരി ആശുപത്രി ഹൃദ്രോഗവിഭാഗം മേധാവി ഡോ. സുരേഷ് ഡേവിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിവിദഗ്‌ധമായി വാൽവ് മാറ്റിവച്ചത്. ഗുരുതര ശ്വാസതടസ്സവുമായാണ് ഐഷത്ത് രാജഗിരി ആശുപത്രിയിൽ എത്തിയത്. അശുദ്ധരക്തം ശ്വാസകോശത്തിൽ എത്തിക്കാൻ സഹായിക്കുന്ന പൾമണറി വാൽവിലുണ്ടായ തകരാറാണ് ഐഷത്തിന്റെ ഹൃദയത്തിലേക്ക് രക്തം തിരികെ ഒഴുകാൻ ഇടയാക്കിയത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ വാൽവ് മാറ്റിവയ്‌ക്കുന്നതാണ് സാധാരണ ചികിത്സാരീതി. ചെറുപ്പത്തിൽ ഹൃദ്രോഗത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായതിനാൽ ഐഷത്തിന്റെ ശസ്ത്രക്രിയ ഒഴിവാക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. മണിക്കൂറുകൾമാത്രമെടുത്ത് നൂതനരീതിയിലൂടെ ഡോക്ടർമാർ വാൽവ് മാറ്റിവച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശങ്കപ്പെട്ടിരുന്ന ഐഷയുടെ കുടുംബം മൂന്നുദിവസത്തിനൊടുവിൽ ആശുപത്രിവിട്ടു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ജേക്കബ് ജോർജ്, ഡോ. ബ്ലസൻ വർഗീസ്, ഡോ. കെ വിഷ്ണു എന്നിവർ ചികിത്സയിൽ പങ്കാളികളായി. Read on deshabhimani.com