അങ്കമാലിയിലെ അശാസ്‌ത്രീയ ഗതാഗതപരിഷ്കാരം ഉപേക്ഷിക്കണം
അങ്കമാലി അങ്കമാലി ടൗണിൽ നടപ്പാക്കിയ അശാസ്‌ത്രീയ ഗതാഗതപരിഷ്കാരം പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ചമുതൽ സ്വകാര്യ ബസുകൾ ക്യാമ്പ്ഷെഡ് റോഡിലൂടെ രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയും മാത്രമാണ് സർവീസ് നടത്തുക. മറ്റ് സമയങ്ങളിൽ അങ്കമാലി ടൗൺ കപ്പേളവഴി ബസ് സ്റ്റാൻഡിലേക്ക് പോകും. ഈ പരിഷ്കാരം അശാസ്ത്രീയവും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണ്. സ്വകാര്യ ബസുകളുടെ സമയക്രമം പുതുക്കിനിശ്ചയിക്കാതെയും അനധികൃത പാർക്കിങ് ഒഴിവാക്കാതെയും ഒരു വ്യക്തിയുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ നിർദേശിച്ച പരിഷ്‌കാരം സമൂഹത്തിന്റെയാകെ മനുഷ്യാവകാശം ഹനിക്കുന്നതാണ്. ടിബി ജങ്‌ഷൻ കേന്ദ്രീകരിച്ചാണ് മിനി സിവിൽ സ്റ്റേഷൻ അടക്കമുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളും താലൂക്കാശുപത്രിയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും സ്ഥിതി ചെയ്യുന്നത്. ഗതാഗതപരിഷ്‌കാരംമൂലം സാധാരണക്കാർക്ക് ഇവിടങ്ങളിലേക്ക് പോകാൻ ടൗൺ കപ്പേളയിൽനിന്ന് ഓട്ടോ പിടിക്കണം.എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഗതാഗതപരിഷ്കാരം റദ്ദാക്കി സഞ്ചാരം സുഗമമാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കലും സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസും വ്യക്തമാക്കി. Read on deshabhimani.com