പാമ്പാക്കുടയിൽ യുഡിഎഫിൽ അങ്കം മുറുകുന്നു



പിറവം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതോടെ യുഡിഎഫിൽ സ്ഥാനങ്ങൾക്കായുള്ള അങ്കം മുറുകി. പഞ്ചായത്ത് പ്രസിഡന്റ്‌ കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ്‌ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവർ വെള്ളിയാഴ്ചയാണ് രാജിവച്ചത്. നേരത്തേ തോമസ് തടത്തിലിനൊപ്പം നിന്ന പത്താംവാർഡ് അംഗം ശ്രീകാന്ത് നന്ദൻ വിമതപക്ഷത്ത്‌ ചേർന്ന് പ്രസിഡന്റാകാൻ ശ്രമം തുടങ്ങി. 12–-ാംവാർഡ് അംഗം ജിനു സി ചാണ്ടിക്കാണ് സീനിയോരിറ്റിയെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന്‌ യോജിപ്പില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ചേർന്ന യോഗത്തിൽ ജിനു സി ചാണ്ടിക്ക് ജില്ലാനേതൃത്വം അവസാനവർഷം പ്രസിഡന്റ്‌ സ്ഥാനം ഉറപ്പ് നൽകിയതായും പറയുന്നു. അതേസമയം, ജേക്കബ്ബിലെ വിമതവിഭാഗവും പ്രസിഡന്റ്‌ സ്ഥാനത്തിൽ കണ്ണുവയ്ക്കുന്നുണ്ട്. ജേക്കബ്‌ വിമതവിഭാഗത്തിലെ ഫിലിപ്പ് ഇരട്ടിയാനിക്കൽ കോൺഗ്രസ് വിമതർക്കൊപ്പമാണ്.  വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തിനായി കോൺഗ്രസിലെ വനിതകളും ജോസഫ് വിഭാഗത്തിലെ ഏക അംഗവും നീക്കം നടത്തുന്നുണ്ട്‌. കോൺഗ്രസും ജേക്കബ് വിഭാഗവും ചേർന്ന്‌ ഭരണത്തിലെത്തിയതുമുതൽ തുടങ്ങിയതാണ്‌ അധികാരവടംവലി. യുഡിഎഫ്‌ ഭരിക്കുന്ന പാമ്പാക്കുട സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച്‌ വിജയിച്ചവരിൽ നാലുപേരെ കോൺഗ്രസ്‌ ഔദ്യോഗികപക്ഷം പാർടി സ്ഥാനങ്ങളിൽനിന്ന്‌ പുറത്താക്കി. ഈ അവസരം മുതലെടുത്ത്‌ വിമതപക്ഷം നടത്തിയ നീക്കമാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും വൈസ്‌ പ്രസിഡന്റിന്റെയും രാജിയിൽ കലാശിച്ചത്‌. റിബലായി മത്സരിച്ച് നടപടി നേരിട്ട കോൺഗ്രസ് നേതാക്കൾ തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇത് ആശങ്കയോടെയാണ് ഔദ്യോഗികപക്ഷം കാണുന്നത്. Read on deshabhimani.com

Related News