അടിസ്ഥാനസൗകര്യ വികസനം ; വൈപ്പിനിൽ വിദ്യാഭ്യാസമേഖലയ്ക്ക്‌ 12.91 ലക്ഷത്തിന്റെ ഭരണാനുമതി



വൈപ്പിൻ മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 12,91,927 രൂപ അനുവദിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിന്‌ ശുചിമുറിസമുച്ചയം നിർമിക്കാൻ പത്തുലക്ഷം രൂപ വിനിയോഗിക്കും. വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ കുട്ടികൾക്കായി മെത്തകൾ വാങ്ങാൻ 2,91,927 രൂപയുടെയും ഭരണാനുമതിയുണ്ട്. നിയമസഭാ സാമാജികരുടെ പ്രത്യേക വികസനനിധിയിലെ പണമാണ് ഇരു പദ്ധതിക്കും വിനിയോഗിക്കുന്നത്. സെന്റ് മേരീസ് ഹൈസ്കൂളിൽ ശുചിമുറിസമുച്ചയം നിർമിക്കാൻ വൈപ്പിൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നിർവഹണച്ചുമതല വഹിക്കും. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ ശുചിമുറിസൗകര്യം ദൂരെ മാറിയാണ്. ഈ അവസ്ഥയാണ് പുതിയ സമുച്ചയം വരുന്നതോടെ ഒഴിവാകുന്നത്. വൈപ്പിൻ ഐസിഡിഎസ് പ്രോജക്ടിനുകീഴിൽ ഉൾപ്പെടുന്ന അഞ്ചു പഞ്ചായത്തുകൾക്കായി 367 ചെറുകിട മെത്തകളാണ് വാങ്ങുന്നത്. പള്ളിപ്പുറം പഞ്ചായത്തിന്‌ 152, കുഴുപ്പിള്ളിക്ക് 26, എടവനക്കാടിന്‌ 92, നായരമ്പലത്തിന്‌ 62, ഞാറക്കലിന്‌ 35 വീതം മെത്തകൾ വാങ്ങും. ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസർക്കാണ് നിർവഹണച്ചുമതല.   Read on deshabhimani.com

Related News