സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം



കൊച്ചി കൊല്ലം–-എറണാകുളം ജങ്‌ഷൻ സ്‌പെഷ്യൽ മെമു ട്രെയിൻ സർവീസ്‌ ആരംഭിച്ചതോടെ യാത്രക്കാർ ആശ്വാസത്തിൽ. ഈ റൂട്ടിലെ മൂന്നു പതിറ്റാണ്ടായുള്ള  യാത്രാദുരിതത്തിനാണ്‌ താൽക്കാലിക പരിഹാരമായത്‌. തിങ്കൾ പുലർച്ചെ 5.55ന്‌ കൊല്ലത്തുനിന്നായിരുന്നു ആദ്യ സർവീസ്‌. കായംകുളത്ത്‌ എത്തിയപ്പോൾത്തന്നെ സീറ്റുകൾ നിറഞ്ഞു. തിങ്ങിനിറഞ്ഞാണ്‌ കോട്ടയത്ത്‌ എത്തിയത്‌. കൊല്ലംമുതൽ എറണാകുളം സൗത്ത്‌വരെ 18 സ്‌റ്റേഷനുകളിലും മെമുവിനെ യാത്രക്കാർ ആവേശത്തോടെ വരവേറ്റു. എട്ട്‌ കോച്ചുകളുള്ള മെമു 9.35ന്‌ എറണാകുളത്ത്‌ എത്തിയതും നിറയേ യാത്രക്കാരുമായാണ്‌. അധികം വൈകാതെ 9.50ന്‌ മെമു കൊല്ലത്തേക്ക്‌ തിരിച്ചു. 1.30ന്‌ കൊല്ലത്ത്‌ എത്തി. പുലർച്ചെ കൊല്ലത്തുനിന്ന്‌ വരുന്ന ട്രെയിൻ അരമണിക്കൂറിനകം മടങ്ങുന്നതിൽ യാത്രക്കാർക്ക്‌ പ്രതിഷേധമുണ്ട്‌. ജോലിക്കും മറ്റുമായി എറണാകുളത്ത്‌ എത്തി വൈകിട്ട്‌ മടങ്ങുന്ന നിവരധി പേരുണ്ട്‌. ഇവർക്ക്‌ സൗകര്യപ്രദമായി സർവീസ്‌ ക്രമീകരിക്കണമെന്നതാണ്‌ ആവശ്യം.  സ്‌പെഷ്യൽ ട്രെയിൻ 2025 ജനുവരി മൂന്നുവരെ സർവീസ്‌ നടത്തുമെന്നാണ്‌ റെയിൽവേ അധികാരികൾ വ്യക്തമാക്കിയിരുന്നത്‌. സർവീസ്‌ നവംബർ 29വരെയായി വെട്ടിച്ചുരുക്കിയതിലും പ്രതിഷേധം ശക്തമാണ്‌. പുതിയ മെമു ഓടിത്തുടങ്ങിയതോടെ തിരുവനന്തപുരം–- ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസിൽ തിരക്ക്‌ അൽപ്പം കുറഞ്ഞു. Read on deshabhimani.com

Related News