എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ



ആലുവ ബോയിലർ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി മരിച്ച എടയാർ വ്യവസായ മേഖലയിലെ ഫോർമൽ ട്രേഡ് ലിങ്ക്സിൽ  ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെ അംഗീകാരമില്ലാത്ത ബോയിലറാണ്‌ സ്ഥാപിച്ചതെന്ന്‌ കണ്ടെത്തി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ഫാക്ടറിയിൽ ഗുരുതര സുരക്ഷാവീഴ്ചയും കണ്ടെത്തി. ഇന്ത്യൻ ബോയിലർ റെഗുലേഷൻ (ഐബിആർ) നിയമത്തിന് വിരുദ്ധമായി രജിസ്ട്രേഷൻ ഇല്ലാത്ത 650 ലിറ്റർ ബോയിലറാണ് സ്ഥാപിച്ചത്. അമിത മർദത്താൽ ബോയിലർ പൊട്ടിത്തെറിച്ച്‌ മൂന്നുഭാഗങ്ങളായി ചിന്നിച്ചിതറി. ഒരുഭാഗം 15 മീറ്റർ അകലെ തെറിച്ചുവീണു. ബോയിലർ നിർമിച്ച എടയാറിലെ സ്ഥാപനയുടമയിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. പരിക്കുപറ്റിയവരിൽനിന്ന്‌ മൊഴിയും വിശദ അന്വേഷണവും നടത്തും. റിപ്പോർട്ട് ഉടൻതന്നെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, ജോയിന്റ്‌ ഡയറക്ടർ എന്നിവർക്ക് കൈമാറുമെന്ന് പരിശോധന നടത്തിയ ജോയിന്റ്‌ ഡയറക്ടർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ കെ ആർ ഷാജികുമാറും ഇൻസ്പെക്ടർ ലാൽ വർഗീസും പറഞ്ഞു. ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി. അപകടത്തിൽ മരിച്ച ഒഡിഷ സ്വദേശി ബിക്രം പ്രധാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. Read on deshabhimani.com

Related News