കരാറുകാർ കൂലി നൽകുന്നില്ല ; വാതിൽപ്പടി തൊഴിലാളികൾ സമരത്തിൽ
മട്ടാഞ്ചേരി റേഷൻ വാതിൽപ്പടി തൊഴിലാളികളും വണ്ടി ഉടമകളും സമരം തുടങ്ങിയതോടെ റേഷൻവിതരണം സ്തംഭനത്തിലേക്ക്. എൻഎഫ്എസ്എ ഗോഡൗണിൽനിന്ന് സാധനങ്ങൾ കയറ്റിറക്ക് നടത്തുന്ന തൊഴിലാളികളും സാധനങ്ങൾ റേഷൻകടകളിലേക്ക് എത്തിക്കുന്ന ലോറി ഉടമകളുമാണ് ഒന്നാംതീയതിമുതൽ സമരം ആരംഭിച്ചത്. ഇവർക്ക് മൂന്നുമാസമായി കൂലിയോ വണ്ടിവാടകയോ കരാറുകാർ നൽകാത്തതാണ് റേഷൻ വിതരണമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. അവധിദിനങ്ങൾ കഴിഞ്ഞ് തിങ്കള്‍മുതൽ റേഷൻകടകളിൽ വിതരണത്തിനായി സാധനങ്ങൾ എത്തേണ്ടതായിരുന്നു. തൊഴിലാളികൾ സമരം ആരംഭിച്ചതോടെ റേഷൻസാധനങ്ങൾ എത്തിക്കാനായില്ല. ജില്ലയിലെ കൊച്ചി ഉൾപ്പെടെയുള്ള ചില താലൂക്കുകളിലാണ് തൊഴിലാളികൾക്ക് കൂലിക്കുടിശ്ശികയുള്ളത്. അതേസമയം, കുന്നത്തുനാട്, ആലുവ, മൂവാറ്റുപുഴ എന്നീ താലൂക്കുകളിൽ വിതരണം നടക്കുന്നുണ്ട്. കരാറുകാർ കൂലിക്കുടിശ്ശിക നൽകുന്നില്ലെന്നുകാണിച്ച് തൊഴിലാളികൾ ഭക്ഷ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി. Read on deshabhimani.com