ആക്രി കണക്കെ നശിക്കുന്നു ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനങ്ങള്‍ ; വിതരണം ചെയ്യാതെ ജില്ലാപഞ്ചായത്ത്
തൃക്കാക്കര ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഇരുചക്രവാഹനങ്ങൾ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നശിക്കുന്നു. 99 സ്കൂട്ടറുകളാണ് ജില്ലാ പഞ്ചായത്ത് വളപ്പിൽ നാലുമാസമായി വെയിലും മഴയുമേറ്റ് നശിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തിന് യുഡിഎഫ് സംസ്ഥാന നേതാവിന്റെ തീയതി ഒത്തുകിട്ടാത്തതിനാലാണ് വാഹനവിതരണം വൈകുന്നതെന്നാണ് ആക്ഷേപം. എന്നാല്‍, രജിസ്ട്രേഷൻ നടപടികൾ വൈകുന്നതാണ് വാഹനവിതരണം വൈകാന്‍ കാരണമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. അർഹരായവരുടെ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റും രേഖകളും ഹാജരാക്കിയാൽ രജിസ്ട്രേഷൻ നടപടി വേഗം പൂർത്തിയാക്കി നൽകാമെന്ന് ജോയിന്റ് ആർടിഒ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. അംഗവൈകല്യമുള്ള ആളുകൾക്കായി ‘രാജഹംസം’ പദ്ധതിവഴിയാണ് ജില്ലാ പഞ്ചായത്ത് വാഹനം നൽകുന്നത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ ഡീലർമാർ സ്‌കൂട്ടറുകൾ നേരിട്ട് ജില്ലാ പഞ്ചായത്തിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. Read on deshabhimani.com