പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ പ്രശ്‌നം സൃഷ്ടിക്കാൻ പി വി അൻവറിന്റെ ശ്രമം
കൊച്ചി എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മനപ്പൂർവം പ്രശ്‌നം സൃഷ്ടിക്കാൻ പി വി അൻവർ എംഎൽഎയുടെ ശ്രമം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിൽ രാഷ്‌ട്രീയ പാർടി, സാമുദായിക സംഘടനാ യോഗങ്ങൾക്കായി ഹാൾ നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് എംഎൽഎ തർക്കവുമായി എത്തിയത്. മാത്രമല്ല, രാഷ്ട്രീയ പാർടിയേതര പരിപാടികൾക്ക് 20 ദിവസം മുമ്പെങ്കിലും ഹാൾ ബുക്ക് ചെയ്യണം. എംഎൽഎ വ്യാഴം രാവിലെയാണ് മെയിൽ അയച്ചതെന്ന് റെസ്റ്റ് ഹൗസുകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. ചേരുന്ന യോഗം എന്തുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് എംഎൽഎയ്‌ക്ക് തിരികെ മെയിൽ അയച്ചിരുന്നു. എന്നാൽ മറുപടിയിൽ വ്യക്തതയുണ്ടായില്ല. അതുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നും എക്‌സിക്യൂട്ടിവ് എൻജിനിയർ പറഞ്ഞു. സർക്കാർ ഉത്തരവിന്റെ പകർപ്പും എംഎൽഎക്ക് നൽകിയിരുന്നു. രാത്രി ഏഴോടെ അറുപതോളം അനുയായികളുമായി എംഎൽഎ റെസ്റ്റ് ഹൗസ് പരിസരത്ത് യോഗം ചേർന്ന വിവരം കളമശേരി പൊലീസിനെ അറിയിച്ചതായും എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. അതേസമയം, ലീഗ് വിമതരെത്തേടിയാണ് അൻവർ കളമശേരിയിൽ എത്തിയതെന്നാണ് വിവരം. സ്വകാര്യ നേതൃയോഗം എന്ന പേരിൽ നാടകീയ നീക്കങ്ങൾ നടത്തി വ്യാഴം രാത്രി ഏഴോടെ റെസ്റ്റ് ഹൗസിന്റെ വരാന്തയിൽ യോഗം ചേരുകയായിരുന്നു. Read on deshabhimani.com