വേമ്പനാട്ടുകായലിനെ കീഴടക്കാൻ ആദ്യ നാളെയിറങ്ങും



കോതമംഗലം കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങുകയാണ് ഈ ആറുവയസ്സുകാരി. കായലിലെ ഏഴു കിലോമീറ്ററോളം ദൂരം ശനിയാഴ്ച നീന്തിക്കടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനി ആദ്യ ഡി നായർ. സാഹസികപ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഈ കൊച്ചുമിടുക്കി. പരിശീലകനും റെക്കോഡ് ജേതാവുമായ ബിജു തങ്കപ്പന്റെ നിർദേശത്തെ തുടർന്നാണ് സാഹസികമായ ഈ നീന്തൽ. കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി ശാസ്‌തമംഗലത്ത് ദീപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ, മൂവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ടുകായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയാണ് ആദ്യനീന്തൽ നടത്താനൊരുങ്ങുന്നത്. വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്–-വൈക്കം പ്രദേശം. ആദ്യമായാണ് ഏഴു കിലോമീറ്റർ കായൽദൂരം ഒരു ആറുവയസ്സുകാരി നീന്തി റെക്കോഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ ദൂരംവരെയാണ്. ആദ്യക്ക് പിന്തുണയുമായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും സെന്റ് മേരീസ് പബ്ലിക് സ്കൂളുമുണ്ട്. Read on deshabhimani.com

Related News